പാനൂർ: കേരള രാഷ്ട്രീയത്തിൽ ഒരുകാലത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'കണ്ണൂരിന്റെ വിപ്ലവസൂര്യൻ' എന്ന വിഡിയോ ആൽബത്തിന്റെ രചയിതാവ് പ്രദീപൻ കടേപ്രവും, അതിന്റെ പേരിൽ പാർട്ടിയിൽ വിമർശനം നേരിട്ട സിപിഎം നേതാവ് പി. ജയരാജനും ആദ്യമായി ഒരേ വേദി പങ്കിട്ടു. പ്രദീപൻ കടേപ്രത്തിന്റെ പ്രഥമ കവിതാസമാഹാരമായ 'പൂതന'യുടെ പ്രകാശനച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
'കണ്ണൂരിന്റെ വിപ്ലവസൂര്യൻ' എന്ന ഗാനത്തെക്കുറിച്ച് താൻ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും ഗാനം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ചടങ്ങിൽ സംസാരിക്കവെ പി. ജയരാജൻ വ്യക്തമാക്കി. പ്രദീപൻ കടേപ്രത്തിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശനം തന്റെ ഉത്തരവാദിത്തമായി കണ്ട് ഏറ്റെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം മൊകേരി കട്രേപ്രം തെരു ബ്രാഞ്ച് അംഗവും മെഡിക്കൽ റപ്രസന്റേറ്റീവുമായ പ്രദീപൻ കടേപ്രം വിവാദ ഗാനം എഴുതുന്ന സമയത്ത് ഇതേ ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം. ജനീഷ്, കെ.കെ. ഷിബിൻ, ടി.പി. രാജൻ, എ. ദിനേശൻ, രാജേഷ് പുറച്ചേരി, ഉജ്വൽ ശ്രീജയൻ, അനിൽ ആറങ്ങോട്ടുകര, സി.എസ്. ജയൻ, കെ. ഷിജോയ്കുമാർ എന്നിവർ സംസാരിച്ചു.
