Zygo-Ad

കരിയാട് മുക്കാളിക്കരയിൽ പഴക്കട മാലിന്യം തള്ളിയ സംഭവം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇടപെട്ടു

 


പാനൂർ കരിയാട് മുക്കാളിക്കരയിലെ അത്താഫി ഫാമിൽ തലശ്ശേരിയിലെ വിവിധ ഫ്രൂട്ട് കടകളിൽ നിന്നുള്ള മാലിന്യം അശാസ്ത്രീയമായി തള്ളിയതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പശുക്കൾക്ക് തീറ്റയായി നൽകുമെന്ന പേരിലാണ് മാലിന്യം ഇവിടെ എത്തിച്ചതെന്നും എന്നാൽ യാതൊരു മാനദണ്ഡവും പാലിക്കാതെ കൂമ്പാരമായി തള്ളുകയായിരുന്നുവെന്നുമാണ് നാട്ടുകാരുടെ ആരോപണം.

മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും ഈച്ചശല്യവും വ്യാപകമായതായി പരിസരവാസികൾ പറയുന്നു. മഴക്കാലമായതിനാൽ മാലിന്യത്തിൽ നിന്നുള്ള മലിനജലം സമീപ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പരിസരവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കൗൺസിലർ എം ടി കെ ബാബുവിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനയ്ക്ക് ശേഷം നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ മുഴുവൻ മാലിന്യവും സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ടവർക്ക് അധികൃതർ നോട്ടീസ് നൽകി. മാലിന്യം പൂർണമായും നീക്കം ചെയ്ത് പ്രദേശത്തിന്റെ ശുചിത്വവും പൊതുജനാരോഗ്യവും ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




വളരെ പുതിയ വളരെ പഴയ