Zygo-Ad

മാരക മയക്കുമരുന്നുമായി ചൊക്ലി സ്വദേശി പാനൂരിൽ എക്സൈസ് പിടിയിൽ

 


പാനൂർ: കാറിൽ വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചൊക്ലി സ്വദേശി എം വസീമിനെയാണ് (37) കുത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ശശിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ വാഹനപരിശോധനയിൽ പിടികൂടിയത്. ഇയാളിൽ നിന്നും 6.550 ഗ്രാം മെത്താംഫെറ്റമിൻ എക്സൈസ് സംഘം കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയ്ക്കിടെ വസീമിന്റെ സഹായി എം രതുൽ ഓടിരക്ഷപ്പെട്ടു.

വസീം കുറച്ചു ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. ബംഗളൂരുവിൽനിന്നും എത്തിക്കുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി തലശേരി, പാനൂർ, ചൊക്ലി ഭാഗങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വസീം.

ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി സി ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ഷാജി അളോക്കൻ, പി റോഷിത്ത്, പ്രജീഷ് കോട്ടായി, ഉത്തര മേഖല കമീഷണർ സ്ക്വാഡംഗം പി ജലീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം സുബിൻ, സി കെ സജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വി ഷൈനി, പി ഷൈനി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. ഓടിപ്പോയ പ്രതിക്കായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി.


വളരെ പുതിയ വളരെ പഴയ