Zygo-Ad

പെരിങ്ങത്തൂർ, മുക്കിൽപീടിക ടൗണുകളിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് ക്രമനമ്പർ നൽകി തുടങ്ങി; ഉദ്ഘാടനം പാനൂർ നഗരസഭ ചെയർപേഴ്സൺ നിർവ്വഹിച്ചു

 


പാനൂർ നഗരസഭ പരിധിയിലെ പെരിങ്ങത്തൂർ, മുക്കിൽപീടിക ടൗണുകളിലെ ഓട്ടോറിക്ഷാ ജീവനക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം. നഗരസഭ അനുവദിക്കുന്ന പാർക്കിംഗ് ക്രമനമ്പറുകളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ വി.പി. നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു. ദീർഘകാലമായി ഈ മേഖലയിൽ ഓട്ടോ സർവീസ് നടത്തുന്ന മുതിർന്ന ജീവനക്കാരനായ വി.പി. രാമകൃഷ്ണന് ആദ്യ നമ്പർ നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടനം.

2015ൽ പാനൂർ നഗരസഭ രൂപീകൃതമായതു മുതൽ ഓട്ടോറിക്ഷാ ജീവനക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യമായിരുന്നു പാർക്കിംഗ് നമ്പർ എന്നത്. മുൻപ് പാനൂർ ടൗണിലെ ചില ഓട്ടോറിക്ഷകൾക്ക് നമ്പർ നൽകിയിരുന്നെങ്കിലും നടപടികൾ പൂർണ്ണമായിരുന്നില്ല. നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷം ഓട്ടോ യൂണിയനുകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ചെയർപേഴ്സൺ നിർദ്ദേശം നൽകുകയായിരുന്നു.

ഓരോ പ്രദേശത്തെയും ഓട്ടോകളുടെ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം വാഹന പരിശോധനകൾ കൂടി പൂർത്തിയാക്കിയാണ് നമ്പർ അനുവദിച്ചത്. ഇതിനായി തലശ്ശേരി ആർ.ടി.ഒ വേണുഗോപാലുമായി നഗരസഭ അധികൃതർ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് ഓരോ ഏരിയകളിലും പ്രത്യേക വാഹന പരിശോധന നടത്തി അപാകതകൾ പരിഹരിച്ച ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്. പാനൂർ ഉൾപ്പെടെയുള്ള നഗരസഭയിലെ മറ്റു ഭാഗങ്ങളിലെ ഓട്ടോകളുടെ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്നും അവർക്ക് ഉടൻ തന്നെ നമ്പർ നൽകുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

പെരിങ്ങത്തൂരിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

വളരെ പുതിയ വളരെ പഴയ