പാനൂർ: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാമതും അധികാരത്തിൽ വരുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ദേശീയ വർക്കിംഗ് പ്രസിഡന്റും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. പ്രവീണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാനൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ വികസനനേട്ടങ്ങൾ എടുത്തുപറഞ്ഞ് തേജസ്വി
കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയൻ സർക്കാർ കാഴ്ചവെക്കുന്നത് ഉജ്ജ്വലമായ ഭരണമാണെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ കരുതലും പരിരക്ഷയും എല്ലാ ജനവിഭാഗങ്ങളിലേക്കും തുല്യമായി എത്തുന്നുണ്ട്. വർഗീയതയോട് ഒട്ടും സന്ധിയില്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിനെ കേരളത്തിന്റെ മാതൃകയിൽ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെ രൂക്ഷ വിമർശനം
രാജ്യത്തെ മതേതരത്വത്തെ തകർക്കാൻ ബിജെപിയും സംഘ് പരിവാർ സംഘടനകളും ശ്രമിക്കുകയാണെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. വെറുപ്പിന്റെ സംസ്കാരമാണ് ഇവർ പ്രചരിപ്പിക്കുന്നത്. അംബേദ്കർ വിഭാവനം ചെയ്ത ഇന്ത്യയെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന്റെ നിലപാടുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പ്രസംഗം പരിഭാഷപ്പെടുത്തി. എം.വി. ശ്രേയാംസ് കുമാർ, പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
