Zygo-Ad

കണ്ണൂർ വിമാനത്താവളറോഡ് വികസനം: പെരിങ്ങത്തൂർ -മട്ടന്നൂർ റോഡിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു

 


പാനൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന കണക്റ്റിവിറ്റി റോഡായ പെരിങ്ങത്തൂർ–മേക്കുന്ന്–പാനൂർ–കൂത്തുപറമ്പ്–മട്ടന്നൂർ റോഡ് നവീകരണ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി. 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമപ്രകാരമാണ് നടപടികൾ പൂർത്തിയാക്കുക.

കണ്ണൂർ എയർപോർട്ട് നമ്പർ 2 എൽ എ സ്പെഷ്യൽ തഹസിൽദാരെ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കളക്ടറുടെ ചുമതലകൾ നിർവഹിക്കുന്നതിനായി നിയമിച്ചിട്ടുണ്ട്. പുനരധിവാസ, പുനഃസ്ഥാപന നടപടികളുടെ അഡ്മിനിസ്ട്രേറ്ററായി കണ്ണൂർ എൽ എ ഡെപ്യൂട്ടി കലക്ടറും പ്രവർത്തിക്കും. റോഡ് വികസന പദ്ധതിക്കായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂമികൾ പൊതുആവശ്യത്തിനായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂരേഖകളുടെ പുതുക്കൽ എന്നിവ സംബന്ധിച്ച് ആക്ഷേപങ്ങളുള്ളവർ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലം അപേക്ഷ സമർപ്പിക്കണം. അതേസമയം, പദ്ധതി പ്രദേശത്തിന്റെ വിസ്തീർണ്ണം, ഏറ്റെടുക്കുന്ന ഭൂമിയുടെ അനുയോജ്യത, സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്നിവ സംബന്ധിച്ച ആക്ഷേപങ്ങൾ 60 ദിവസത്തിനകം സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ കണ്ണൂർ എയർപോർട്ട് നമ്പർ 2 എൽ എ സ്പെഷ്യൽ തഹസിൽദാർക്ക് നൽകണം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

 


വളരെ പുതിയ വളരെ പഴയ