പാത്തിപ്പാലം: സ്കൂൾ അവധിക്കാലം വെറുതെ കളിച്ചു തീർക്കാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് പാത്തിപ്പാലത്തെ ഒരു കൂട്ടം കൊച്ചു മിടുക്കന്മാർ. നബ്ഹാൻ, സിയാൻ, സിദാൻ, ആലി, റിഫ്ന എന്നീ അഞ്ചംഗ സംഘം പാറേമ്മൽ ഐ.കെ.വി റോഡിൽ ആരംഭിച്ച 'കുട്ടിക്കട' ഇപ്പോൾ നാട്ടുകാർക്കിടയിൽ വലിയ കൗതുകമായി മാറിയിരിക്കുകയാണ്.
അവധിക്കാലത്തെ ബോറടി മാറ്റുക എന്നതിലുപരി, അധ്വാനത്തിന്റെ പാഠങ്ങൾ നേരിട്ട് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൊച്ചു സംരംഭകർ കട ആരംഭിച്ചത്. കുട്ടികൾക്ക് പ്രിയപ്പെട്ട വിവിധയിനം മിഠായികൾ, ബിസ്കറ്റുകൾ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പുറമെ നാവിൽ വെള്ളമൂറുന്ന ഉപ്പിലിട്ട വിഭവങ്ങളും ഈ കടയിൽ ലഭ്യമാണ്.
അവധിക്കാലം ബോറടിക്കാതെ ഇരിക്കാനാണ് ഞങ്ങൾ ഈ കട തുടങ്ങിയത്. ലാഭത്തേക്കാൾ ഉപരി എല്ലാവരും ഒത്തുചേർന്ന് എന്തെങ്കിലും ചെയ്യുക എന്നതാണ് ഞങ്ങളുടെ സന്തോഷം " എന്ന് ഈ കുട്ടി സംരംഭകർ ഒരേ സ്വരത്തിൽ പറയുന്നു.
വീടിനോട് ചേർന്ന് തുടങ്ങിയ ഈ സംരംഭത്തിന് വീട്ടുകാരും നാട്ടുകാരും പൂർണ്ണ പിന്തുണയാണ് നൽകുന്നത്. കളിചിരികൾക്കിടയിലും കച്ചവടത്തിന്റെ കൃത്യത പാലിക്കുന്ന ഈ അഞ്ചംഗ സംഘം പുതിയ തലമുറയ്ക്ക് മികച്ചൊരു മാതൃകയാണ്.
