പാനൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്ക് നേരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ അക്രമം. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ മത്സരിച്ച അഡ്വ. വി. നാഫിയയ്ക്ക് (29) നേരെയാണ് അക്രമമുണ്ടായത്.
ഇന്ന് രാവിലെ 10 മണിയോടെ തെണ്ടപ്പറമ്പ് ചാക്യാർ കുന്നിൽ വെച്ചായിരുന്നു സംഭവം. പത്തോളം വരുന്ന ലീഗ് പ്രവർത്തകർ സംഘം ചേർന്ന് നാഫിയയെ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അക്രമത്തിൽ പരിക്കേറ്റ നാഫിയയെ പാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞയുടൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. പ്രവീൺ, കെ.പി. മോഹനൻ എം.എൽ.എ, പി. ഹരീന്ദ്രൻ, കെ. ധനഞ്ജയൻ, എം. സുകുമാരൻ, കെ.ഇ. കുഞ്ഞബ്ദുള്ള, കെ. ലീല, കെ.പി.വി. പ്രീത തുടങ്ങിയവർ ആശുപത്രിയിലെത്തി നാഫിയയെ സന്ദർശിച്ചു.
