പാനൂർ കരിയാട് കാഞ്ഞിരക്കടവ് വയലിൽ കർഷക കൂട്ടായ്മയിൽ വിളയിച്ചെടുത്ത തണ്ണിമത്തന്റെ വിളവെടുപ്പ് നാടിന് ആഘോഷമായി. പ്രദേശത്തെ അഞ്ച് കർഷകർ ചേർന്ന് നടത്തിയ കൂട്ടായ ശ്രമത്തിലൂടെ ആയിരത്തിലേറെ കിലോ തണ്ണിമത്തനാണ് വിളവെടുത്തത്. കർഷകരായ എം എം ഭാസ്കരൻ, കണ്ടോത്ത് രവി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.
തുടർച്ചയായ മൂന്നാം വർഷമാണ് ഇവർ ഈ പ്രദേശത്ത് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. കരിയാട് കൃഷി ഓഫീസിൽ നിന്ന് കൃഷിക്ക് ആവശ്യമായ പൂർണ്ണ സഹകരണം ലഭിച്ചതായി കർഷകർ അറിയിച്ചു. വിളവെടുത്ത തണ്ണിമത്തന്റെ ഭൂരിഭാഗവും നാട്ടുകാർ തന്നെ നേരിട്ട് വാങ്ങിയതോടെ വിപണനവും വിജയകരമായി പൂർത്തിയായി. അടുത്ത വർഷം കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
വിളവെടുപ്പിന്റെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ എം ടി കെ ബാബു നിർവ്വഹിച്ചു. ഇ കെ മനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

