Zygo-Ad

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം: കരിയാട് മത്സ്യമാർക്കറ്റും ടോയ്ലറ്റും നശിക്കുന്നു

 


പാനൂർ: 22 ലക്ഷം രൂപ ചെലവിൽ നിർമിച്ച കരിയാട് മത്സ്യമാർക്കറ്റും പൊതു ടോയ്ലറ്റും ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും തുറന്നുനൽകിയില്ല. 2025 ജൂൺ ആറിന് അന്നത്തെ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. മുൻ കൗൺസിലർ എൻ.എ. കരീമിന്റെ പരിശ്രമഫലമായി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.

അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വൈദ്യുതിയും പോലും ഇവിടെ ലഭ്യമാക്കിയിട്ടില്ല. കെട്ടിടത്തിന്റെ ഇരുമ്പ് ഗ്രില്ലുകൾ ഉൾപ്പെടെ തുരുമ്പെടുത്ത് നശിക്കുകയാണ്. മാർക്കറ്റ് തുറന്നാൽ നഗരസഭയ്ക്ക് വൻ വരുമാനം ലഭിക്കുമെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ഇതിനുപുറമെ, മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുമാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ മത്സ്യവിൽപന ശാലകൾ ഗതാഗത തടസ്സവും ഉണ്ടാക്കുന്നുണ്ട്.

മാർക്കറ്റും ടോയ്ലറ്റും ഉടൻ തുറന്നുനൽകണമെന്ന് സിപിഎം നേതാവും കൗൺസിലറുമായ എം.ടി.കെ. ബാബുവും മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞിയും ആവശ്യപ്പെട്ടു. സ്വകാര്യ വിൽപനക്കാരെ നഗരസഭയുടെ മാർക്കറ്റിലേക്ക് മാറ്റി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് കൗൺസിലർ സമീന ഇല്യാസ് പറഞ്ഞു.

 

വളരെ പുതിയ വളരെ പഴയ