പാനൂർ: കടുത്ത ചൂട് തുടരുന്നതിനിടയിൽ മണലാരണ്യത്തിലെ കായ്ഫലമായ ഈന്തപ്പഴം നാട്ടിലും സമൃദ്ധമായി കായ്ക്കുന്നു. പെരിങ്ങത്തൂർ, പുത്തൂർ എന്നിവിടങ്ങളിലാണ് ഈന്തപ്പനകൾ വ്യാപകമായി കായ്ച്ചത്. പെരിങ്ങത്തൂർ ജുമാ മസ്ജിദ് കോമ്പൗണ്ടിൽ പള്ളി കമ്മിറ്റിയുടെ പ്രത്യേക താല്പര്യപ്രകാരം നട്ടുപിടിപ്പിച്ച ഈന്തപ്പനയിലാണ് കുലകളുണ്ടായത്. പള്ളിയിലെ ജീവനക്കാരും ഗാർഡൻ പരിപാലകരും നൽകിയ പ്രത്യേക ശ്രദ്ധ ഈ നേട്ടത്തിന് പിന്നിലുണ്ട്.
പുത്തൂർ കണ്ണങ്കോട്ടെ പ്രവാസിയായ പൂതക്കോട് റസാഖിന്റെ വീട്ടുമുറ്റത്തും ഈന്തപ്പഴം വിളഞ്ഞുനിൽക്കുകയാണ്. ചെന്നൈയിൽ നിന്നും 5000 രൂപ വീതം നൽകി വാങ്ങിയ പത്ത് തൈകളാണ് ഇദ്ദേഹം നട്ടുപിടിപ്പിച്ചത്. നാട്ടിലെ കടുത്ത ഉഷ്ണം ഈന്തപ്പനകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കിയെന്ന് റസാഖ് പറയുന്നു. സാധാരണയായി ഗൾഫ് രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഈത്തപ്പനകൾ കേരളത്തിലെ കാലാവസ്ഥയിലും മികച്ച രീതിയിൽ വളരുന്നത് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനവും ശാസ്ത്രീയമായ കൃഷിരീതികളും ഇത്തരം പരീക്ഷണങ്ങൾക്ക് കരുത്താകുന്നു.
