പാനൂർ: ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണം വഴി ജനാരോഗ്യം അപകടത്തിലാക്കിയ പൂക്കോത്തെ ഒമാസ് റസ്റ്റോറന്റ് അടച്ചുപൂട്ടാൻ പാനൂർ നഗരസഭ ഉത്തരവിട്ടു. ഹോട്ടലിലെ മലിനജലം ഉറവിടങ്ങളിൽ കലർന്ന് കുടിവെള്ളം മലിനമായെന്ന പരാതിയെത്തുടർന്നാണ് നഗരസഭാ സെക്രട്ടറി കെ.ആർ. മനോജ് കുമാർ കർശന നടപടിയെടുത്തത്.
എരഞ്ഞികുളങ്ങര എൽ.പി. സ്കൂൾ അധികൃതരും ജനകീയ ഗ്രാമ സംരക്ഷണ സമിതിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രദേശത്തെ കുടിവെള്ളത്തിൽ മാരകമായ ഇ-കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് ലാബ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മാർച്ച് 10-ന് മലിനീകരണ നിയന്ത്രണ ബോർഡും ഹോട്ടലിനെതിരെ പ്രതികൂല റിപ്പോർട്ട് സമർപ്പിച്ചു.
നടപടി നിയമപരമായി:
ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ കേരള മുനിസിപ്പാലിറ്റി ആക്ട് 447, 492, 532, 545 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയത്. ഹോട്ടൽ മലിനീകരണം മൂലം ദുരിതത്തിലായ നാട്ടുകാർ നഗരസഭയ്ക്ക് മുന്നിലും ഹോട്ടലിന് മുന്നിലും വലിയ പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിച്ചിരുന്നു. ജനകീയ പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭയുടെ അടിയന്തര ഇടപെടലുണ്ടായത്.
