Zygo-Ad

യോഗ്യതയുണ്ട്, അംഗീകാരമില്ല: ദുരിതത്തിൽ നൂറുകണക്കിന് എയ്ഡഡ് പ്രൈമറി അധ്യാപകർ.


ചൊക്ലി : കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഒരു കൂട്ടം അധ്യാപകർ വർഷങ്ങളായി "അൺ- എക്കണോമിക് "എന്ന ലേബലിൽ കടുത്ത ദുരിതത്തിൽ.2011 മുതൽ സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ നിയമിതരായ അധ്യാപകരാണ് ശമ്പളമോ നിയമന അംഗീകാരമോ ഇല്ലാതെ പ്രതിസന്ധിയിലായത്.

 റിട്ടയർമെന്റ്, രാജി, മരണം തുടങ്ങിയ ഒഴിവുകളിലേക്ക് സർക്കാർ നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളോടും കൂടി നിയമിതരായവരാണ് ഇവർ. എന്നാൽ കുട്ടികളുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞ് സർക്കാർ ഇവർക്ക് നിയമനാംഗീകാരം നൽകാൻ തയ്യാറായിട്ടില്ല.

 നിലവിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഇവർക്ക് ഏപ്രിൽ, മെയ് മാസങ്ങളിൽ വേതനം ലഭിക്കാത്തത് കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു.

വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഈ അധ്യാപകർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

 സ്ഥിരം അധ്യാപകർക്ക് ലഭിക്കുന്ന "മെഡിസെപ്പ്" ആരോഗ്യ ഇൻഷുറൻസ്, പ്രസവാവധി ആനുകൂല്യങ്ങൾ എന്നിവ ഇവർക്ക് ലഭിക്കുന്നില്ല.

 പലരും നിലവിൽ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും അംഗീകാരം ലഭിക്കാതെ വിരമിക്കേണ്ട അവസ്ഥയിലാണ്.

 മറ്റു അധ്യാപകർ ചെയ്യുന്ന അതേ ജോലികളും ഉത്തരവാദിത്വങ്ങളും ഇവർക്കുണ്ടെങ്കിലും പദവിയിൽ ഇവരിന്നും താൽക്കാലിക ജീവനക്കാരാണ്.

 എല്ലാ യോഗ്യതകളും ഉണ്ടായിട്ടും ഒരു സുരക്ഷിതത്വവും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് ഇവരെ മാനസികമായി തളർത്തുന്നുണ്ട്. 14 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അർഹമായ വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് ഈ അധ്യാപകരുടെ തീരുമാനം.

വളരെ പുതിയ വളരെ പഴയ