Zygo-Ad

മലിനജലം പുറത്തേക്ക്; മേലെ പൂക്കോത്തെ ഒമാസ്ഹോട്ടലിന് മുന്നിൽ ജനകീയ പ്രതിഷേധം


പാനൂർ: മേലെ പൂക്കോത്തെ ഒമാസ് ഹോട്ടലിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പരിസരത്തെ കിണറുകളിലേക്കും കുളത്തിലേക്കും പടരുന്നതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായിരിക്കുകയാണ്. ഇതിനെതിരെ ജനകീയ ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ദുരിതത്തിലായി സ്കൂളും വീടുകളും
അശാസ്ത്രീയമായി നിർമ്മിച്ച മലിനജല ടാങ്കാണ് വില്ലനാകുന്നത്. ടാങ്കിന്റെ വശങ്ങളോ അടിഭാഗമോ സിമന്റ് ചെയ്യാത്തതിനാൽ മലിനജലം മണ്ണിലേക്ക് ഇറങ്ങുകയും സമീപത്തെ ഇരുപതോളം വീടുകളിലെ കിണർ ജലം ഉപയോഗശൂന്യമാവുകയും ചെയ്തു. കൂടാതെ, എരഞ്ഞിക്കുളങ്ങര എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കിണറിലെ വെള്ളവും മലിനമായതോടെ വിദ്യാർത്ഥികളും അധ്യാപകരും വലിയ പ്രയാസത്തിലാണ്.
ക്ഷേത്രക്കുളം മലിനമായി
പൂക്കോം ദേശത്തെ പ്രസിദ്ധമായ എരഞ്ഞിക്കുളത്തിലെ ജലം ഹോട്ടൽ മാലിന്യം കലർന്ന് പൂർണ്ണമായും മലിനമായി. നഗരസഭാ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രദേശവാസികൾ സമരരംഗത്തേക്ക് ഇറങ്ങിയത്.
നാടകീയ രംഗങ്ങൾ
പ്രദീപ് ശ്രീലകം ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ഹോട്ടലിന് മുൻവശത്തെ ലൈറ്റുകൾ ജീവനക്കാർ അണച്ചത് നേരിയ സംഘർഷത്തിന് കാരണമായി. സമരക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. ചടങ്ങിൽ കെ.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.കെ. ധനഞ്ജയൻ, പി.പി. രജിൽ കുമാർ, സി. പ്രദീപൻ എന്നിവർ സംസാരിച്ചു. ഇ.കെ. പവിത്രൻ, കെ. പവിത്രൻ, ജിജേഷ് മേനൊറത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ