പാനൂർ: കല്ലിക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. നിലവിൽ കല്ലിക്കണ്ടിയിലെ വാടകക്കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഓഫീസിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ ചടങ്ങിൽ അധ്യക്ഷനായി. കല്ലിക്കണ്ടി ടൗണിനോട് ചേർന്നുള്ള 324 ചതുരശ്ര മീറ്റർ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഉയരുന്നത്.
സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കുക. പുതിയ കെട്ടിടം സജ്ജമാകുന്നതോടെ രജിസ്ട്രേഷൻ നടപടികൾക്കും റെക്കോർഡ് സൂക്ഷിപ്പിനും കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.
