ചൊക്ലി: ബസ് ഷെൽട്ടറിന് മുകളിലെയും കൊടിമരത്തിലെയും കൊടികൾ അഴിച്ചുമാറ്റി തീയിടുകയും, ഇതിന്റെ ദൃശ്യങ്ങൾ റീൽസായി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തു. സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഭാരതീയ ന്യായ സംഹിത (BNS) 192-ാം വകുപ്പ് പ്രകാരം ചൊക്ലി ഇൻസ്പെക്ടർ ടി.വി. പ്രദീഷ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിന്റെ വിശദാംശങ്ങൾ:
ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കുനിയിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സംഭവം നടന്നത്. ഇവിടുത്തെ പൊഖ്റാൻ ബസ് ഷെൽട്ടറിന് മുകളിലും സമീപത്തുള്ള ആർഎസ്എസ് കൊടിമരത്തിലും സ്ഥാപിച്ചിരുന്ന കൊടികളാണ് സാമൂഹ്യവിരുദ്ധർ രാത്രിയുടെ മറവിൽ അഴിച്ചുമാറ്റിയത്.
അഴിച്ചുമാറ്റിയ കൊടികൾ തീയിട്ട് നശിപ്പിക്കുകയും ആ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചതായാണ് പോലീസ് പ്രഥമവിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രികാല പട്രോളിംഗിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രതികളെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
