നാദാപുരം: നാദാപുരത്ത് നിന്ന് കാണാതായ യുവാവിനെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ മണിക്കൂറുകൾക്കുള്ളിൽ തലശ്ശേരി പോലീസ് കണ്ടെത്തി.
പോലീസിന്റെ കൃത്യമായ ഏകോപനവും ജാഗ്രതയുമാണ് യുവാവിനെ സുരക്ഷിതനായി കണ്ടെത്താൻ സഹായിച്ചത്.
യുവാവിനെ കാണാതായതിനെ തുടർന്ന് നാദാപുരം പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ വടകരയിലുണ്ടെന്നാണ് ഇയാൾ അറിയിച്ചത്.
എന്നാൽ പോലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ യുവാവ് തലശ്ശേരി പരിധിയിലാണെന്ന് വ്യക്തമായി. ഉടൻ തന്നെ വിവരം തലശ്ശേരി പോലീസിന് കൈമാറുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.
തലശ്ശേരി നഗരത്തിൽ പോലീസ് നടത്തിയ വ്യാപക തിരച്ചിലിനിടെ, യുവാവ് കടൽത്തീരത്തേക്ക് പോകുന്നത് കണ്ടതായി ഒരു കച്ചവടക്കാരൻ പോലീസിന് നിർണ്ണായക വിവരം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കടൽത്തീരത്ത് തനിച്ചിരിക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്.
തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ ഏറ്റുവാങ്ങുകയും നടപടി ക്രമങ്ങൾ പൂർത്തിയാക്കി വീട്ടുകാർക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
