Zygo-Ad

പാനൂരിലെ ഐസ്ക്രീം കണ്ടെയ്നറുകളിൽ ബോംബല്ല; പാറപ്പൊടിയെന്ന് പരിശോധനയിൽ സ്ഥിരീകരണം

 


പാനൂർ: തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ ഐസ്ക്രീം കണ്ടെയ്നറുകളിൽ സ്ഫോടകവസ്തുക്കളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെയ്നറുകളിൽ പാറപ്പൊടിയാണെന്ന് കണ്ടെത്തി. ഇതോടെ മേഖലയിലുണ്ടായിരുന്ന ബോംബ് ഭീതിയും ആശങ്കയും ഒഴിഞ്ഞു.

തിങ്കളാഴ്ചയാണ് സ്കൂൾ ഗ്രൗണ്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ എട്ട് ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പാനൂർ പോലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്.

പരിശോധനയിൽ കണ്ടെയ്നറുകളിൽ സ്ഫോടകവസ്തുക്കൾ ഒന്നുമില്ലെന്നും പാറപ്പൊടി നിറച്ചതാണെന്നും വ്യക്തമായി. കൂടാതെ, ഇവിടെനിന്നും ലഭിച്ച വടിവാൾ പഴകി തുരുമ്പെടുത്തതും ഉപയോഗശൂന്യവുമാണെന്ന് പാനൂർ പോലീസ് ഇൻസ്പെക്ടർ എം.വി. ഷിജു അറിയിച്ചു. വസ്തുക്കൾ ഉപയോഗശൂന്യമാണെങ്കിലും, സ്കൂൾ പരിസരത്ത് ഇവ എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.



വളരെ പുതിയ വളരെ പഴയ