ചൊക്ലി: ചൊക്ലി കവിയൂരിൽ വായനശാലയ്ക്ക് സമീപമുള്ള ചെറിയത്ത് താഴകുനിയിലെ ഒരു വീട് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയതായി പൊലീസ് കണ്ടെത്തി. ചൊക്ലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ആർ. രാകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് രമീഷ് ബാബു എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ 5,65,000 രൂപ, അക്കൗണ്ട് ബുക്കുകൾ, മൊബൈൽ ഫോൺ എന്നിവ പൊലീസ് പിടിച്ചെടുത്തു.
കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റുകളുടെ അവസാന മൂന്ന് അക്കങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഒറ്റ നമ്പർ ചൂതാട്ടം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചൂതാട്ട നിരോധന നിയമം 15, ലോട്ടറി റെഗുലേഷൻ ആക്ട് 1998 പ്രകാരം 4(a), 7(3) വകുപ്പുകൾ ചുമത്തിയാണ് കേസ്.
പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
