Zygo-Ad

കുട്ടിക്കർഷകർക്ക് ട്രോഫിയും ‘മോണിംഗ് വാക്ക് വിത്ത് എംഎൽഎ’യും — കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ വേറിട്ട കൃഷി സംരംഭം


 കുട്ടിക്കർഷകർക്ക് ട്രോഫിയും ‘മോണിംഗ് വാക്ക് വിത്ത് എംഎൽഎ’യും — കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ വേറിട്ട കൃഷി സംരംഭം

കണ്ണങ്കോട്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കൂലോത്തിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർഷികതാൽപര്യം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ മഞ്ഞൾ കൃഷി മത്സരം ശ്രദ്ധേയമായി. മത്സരത്തിന്റെ ഭാഗമായി “മോണിംഗ് വാക്ക് വിത്ത് എംഎൽഎ” എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.

പഞ്ചായത്തിലെ കണ്ണങ്കോട് പ്രദേശത്ത് നടന്ന പരിപാടിയിൽ കൂത്തുപറമ്പ് നിയോജകമണ്ഡലം എംഎൽഎ ശ്രീ കെ.പി. മോഹനൻ പ്രഭാത നടത്തമായി കുട്ടികളുടെ കൃഷിത്തോട്ടത്തിൽ എത്തി വിജയികൾക്ക് ട്രോഫി വിതരണം നിർവഹിച്ചു. പരിപാടിക്ക് വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് അധ്യക്ഷത വഹിച്ചു.

ഏഴ് ടീമുകൾ പങ്കെടുത്ത മഞ്ഞൾ കൃഷി മത്സരത്തിൽ ഓരോ ടീമിനും വാർഡിലെ മുതിർന്ന കർഷകരാണ് നേതൃത്വം നൽകിയത്. ഒന്നാം സീസണിൽ പ്രസന്ന കിഴക്കേലിൻറെ നേതൃത്വത്തിലുള്ള ഇതൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. റയാൻ സലീഷ്, നൈതിക വിജേഷ്, സാൻവിക രാജീവൻ, തീർത്ഥ ബാബു, റിൻവിൻ ഷെറിൻ എന്നിവർ അടങ്ങിയ ടീമിന് രണ്ട് കിലോ ‘പ്രതിഭ’ ഇനം മഞ്ഞൾ നട്ട് 21.5 കിലോ വിളവ് ലഭിച്ചു.

സി.കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ 2 കിലോ വിത്ത് നട്ട് 15.5 കിലോ വിളവെടുത്ത കേരശ്രീ ടീം രണ്ടാം സ്ഥാനം നേടി. ചടങ്ങിൽ സി.കെ. കുഞ്ഞിക്കണ്ണൻ, പി.കെ. മോഹൻദാസ്, ടി.ടി. അസൈനാർ ഹാജി, പി.വി. യൂസഫ്, കെ. പ്രസന്ന എന്നിവർ സംസാരിച്ചു.

സീസൺ 2 മത്സരത്തിനും ചടങ്ങിനോടനുബന്ധിച്ച് തുടക്കം കുറിച്ചു. മഞ്ഞൾ കൃഷിയോടൊപ്പം വാഴ, കുരുമുളക്, കവുങ്ങ്, പച്ചക്കറി കൃഷി തുടങ്ങിയവയും വാർഡിൽ സജീവമായി തുടരുന്നു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കൃഷിക്കും പ്രാധാന്യം നൽകുന്ന 12-ാം വാർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എംഎൽഎ കെ.പി. മോഹനൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഹരിത കർമ്മസേനാംഗങ്ങളായ സിൽന കെ.യും അനിഷ സി.യും ആദരിക്കപ്പെട്ടു.




വളരെ പുതിയ വളരെ പഴയ