Zygo-Ad

ചൊക്ലി രാമവിലാസം റിട്ട. അധ്യാപകനിൽ നിന്ന് 1.42 കോടി തട്ടി; അഭിഭാഷകനുൾപ്പെടെ ആറുപേർക്കെതിരെ കേസ്

 


തലശേരി: കോടികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ തലശേരി പൊലീസ് കേസ് എടുത്തു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിച്ച അധ്യാപകനായ എരഞ്ഞോളി ചുങ്കത്ത മുരിക്കോളി വീട്ടിൽ കെ.കെ. പ്രദീപ് കുമാർ (59) നൽകിയ പരാതിയിലാണ് നടപടി.

ചെറുപുഴക്ക് സമീപം കോട്ടമല എസ്റ്റേറ്റ് വാങ്ങാൻ 70 കോടി രൂപ ലോൺ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത്, പ്രോസസിങ് ചാർജിന്റെ പേരിൽ പ്രതികൾ വിവിധ തവണയായി 1,42,30,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. കഴിഞ്ഞ മെയ് 15 മുതൽ ജൂൺ 23 വരെ പരാതിക്കാരനും സുഹൃത്തുക്കളും ചേർന്നുള്ള വിവിധ അക്കൗണ്ടുകളിലൂടെയാണ് തുക നൽകിയത്.

ലോൺ അനുവദിക്കാതെയും മുൻകൂർ നൽകിയ പണം തിരികെ നൽകാതെയും സംഘം വിശ്വാസവഞ്ചന നടത്തിയതായി പ്രദീപ് കുമാർ ആരോപിക്കുന്നു.

കേസിൽ കണ്ണൂർ സിറ്റിയിലെ അഭിഭാഷകൻ ഒന്നാം പ്രതിയാണ്. കൂടാതെ തിരുവനന്തപുരത്തെ സാജിദ്, ഗ്രേറ്റർ ചെന്നൈയിലെ വെട്രിവേൽ ഫിനാൻസ് മാനേജർ തോമസ് ഡേവിഡ്, എം.ഡി വൈരമുത്തു, ജീവനക്കാരായ രാജു, രാമാനന്ദൻ എന്നിവരാണ് ബാക്കി പ്രതികൾ.

സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

വളരെ പുതിയ വളരെ പഴയ