പാനൂർ: പാനൂർ മേഖലയിലെ മൂന്ന് മുന്നണികളിലും സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും പുരോഗമിക്കുകയാണ്. പാനൂർ നഗരസഭയിലും തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലും തുടർച്ചയായി ചർച്ചകൾ നടക്കുന്നു.
ബിജെപി കഴിഞ്ഞ ദിവസം തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകൾക്കും പാനൂർ നഗരസഭയ്ക്കുമായി 36 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൂന്നു പഞ്ചായത്തുകളും നഗരസഭയും ചേർന്ന് 83 വാർഡുകളിലാണ് ബിജെപി മത്സരിക്കുന്നത്.
ഇടതുമുന്നണിയിൽ കുന്നോത്തുപറമ്പിൽ സീറ്റുധാരണ പൂർത്തിയായപ്പോൾ പാനൂരിലേത് അന്തിമഘട്ടത്തിലാണ്. എൽഡിഎഫ് പാനൂർ നഗരസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഈ മാസം 14-ന് നടക്കും. സിപിഎം, ആർജെഡി സ്ഥാനാർഥിനിർണയം അവസാന ഘട്ടത്തിലാണ്.
യുഡിഎഫ് നേരത്തെ തന്നെ സീറ്റുധാരണ പൂർത്തിയാക്കിയിരുന്നു. പാനൂർ നഗരസഭയിൽ മുസ്‌ലിം ലീഗ് 22 വാർഡിലും കോൺഗ്രസ് 19 വാർഡിലും മത്സരിക്കും. കുന്നോത്തുപറമ്പ് പഞ്ചായത്തിൽ 23 വാർഡുകളിൽ കോൺഗ്രസ് 12 സീറ്റിലും മുസ്‌ലിം ലീഗ് 11 സീറ്റിലും മത്സരിക്കാനാണ് ധാരണ.
19 വാർഡുകളുള്ള തൃപ്രങ്ങോട്ടൂരിൽ കോൺഗ്രസ് ഏഴ് സീറ്റിലും മുസ്‌ലിം ലീഗ് 12 സീറ്റിലും മത്സരിക്കും. യുഡിഎഫ് സ്ഥാനാർഥികളെ 18-ന് വൈകീട്ട് പാനൂരിൽ നടക്കുന്ന കൺവെൻഷനിൽ പ്രഖ്യാപിക്കുമെന്ന് മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് അറിയിച്ചു. അന്നേ ദിവസം വൈകീട്ട് മൂന്നിന് തൃപ്രങ്ങോട്ടൂരിലും മൊകേരിയിലുമുള്ള കൺവെൻഷനുകളിലും യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
