പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ
വിദ്യാർത്ഥി സഹപാഠിയെ ക്രൂരമായി മർദ്ദിച്ച സംഭവം പുറത്തായതോടെ വിവാദം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
പ്ലസ്ട്രു ക്ലാസിൽ നടന്ന അടിപിടി ദൃശ്യങ്ങൾ ഇന്നലെ രാത്രി മുതലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ റസ്ലിംഗ് ശൈലിയിൽ വിദ്യാർത്ഥിയെ എടുത്തെറിയുകയും ശരീരത്തിൽ ചാടുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികൾ നോക്കി നിൽക്കെയാണ് ഈ ക്രൂരമായ അതിക്രമം നടന്നത്.
സംഭവദൃശ്യങ്ങൾ പകർത്തിയതും വിദ്യാർത്ഥികളിലൊരാളാണെന്നാണ് ലഭിക്കുന്ന വിവരം. ഉപജില്ലാ മേളകൾ നടക്കുന്ന അവസരത്തിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവന്നതാകാമെന്ന് കരുതുന്നു.
വീഡിയോ പുറത്തായതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.