കടവത്തൂർ:“ജില്ലാ ഭരണകൂടത്തോടൊപ്പം ഒരു ദിവസം” എന്ന പരിപാടിയുടെ ഭാഗമായി കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് ജില്ലാ കലക്ടറേറ്റിലെ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവപ്പെടാനുള്ള അപൂർവ അവസരം ലഭിച്ചു.
വിദ്യാർത്ഥികൾ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ഐ.എ.എസ്. നെ നേരിൽ കണ്ടു സംവദിക്കുകയും സിവിൽ സർവീസിന്റെ മഹത്വം, സാമൂഹിക ഉത്തരവാദിത്തം, ഭരണ സംവിധാനത്തിന്റെ ഘടന തുടങ്ങിയ വിഷയങ്ങളിൽ കലക്ടറുടെ വിശദീകരണം കേൾക്കുകയും ചെയ്തു. കലക്ടർ കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സൗഹൃദപൂർവമായ മറുപടി നൽകി.
കലക്ടറേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ വിവിധ പ്രവർത്തനങ്ങൾ അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫാസിർ ഐ.എ.എസ്. വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി ജില്ലാ ഭരണകൂടം മധുരപലഹാരങ്ങൾ നൽകി ഹൃദയപൂർവം സ്വീകരണം ഏർപ്പെടുത്തി. പരിപാടിക്ക് സ്കൂൾ പ്രധാനാധ്യാപകൻ റമീസ് പാറാൽ, സീനിയർ അസിസ്റ്റന്റ് എം.സി. ഷിജില, സ്റ്റാഫ് സെക്രട്ടറി പി. ഇസ്ഹാഖ്, പി. അമീർ, മുഹമ്മദ് അഷ്റഫ്, കെ. സഫീന എന്നിവർ നേതൃത്വം നൽകി.