പാനൂർ :വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവികടമങ്ങൾ തീരുമാനിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്ന വികസനസദസ് പാനൂർ നഗരസഭയിൽ നടത്തേണ്ടതില്ലെന്ന് യുഡിഎഫ് ഭരണസമി തി കൗൺസിൽ യോഗത്തിൽ തീരുമാനം. എൽഡിഎഫ് കൗൺസിലർമാരുടെ വിയോജനക്കുറിപ്പോടെ യോഗം അജൻഡ അംഗീകരിച്ചു.
ഞായറാഴ്ച വികസനസദസ് നടത്താനും ഉദ്ഘാടകനായി കെപി മോഹനൻ എംഎൽഎയെയും സംഘാടകസമിതി രൂപീകരണച്ചടങ്ങിൽ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അടിയന്തര കൗൺസിൽ യോഗം വിളിച്ച് വികസനസദസ്സ് നടത്തേണ്ടതില്ലെന്ന തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ സഹായമില്ലാതെ എടുത്തുപറയത്തക്ക തനത് വികസന പ്രവർത്തനങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതു കൊണ്ടാണ് നഗരസഭ വികസന സദസ് ഒഴിവാക്കിയതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.
നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഗരസഭക്ക് ആസ്ഥാനമന്ദിരം പണിയാൻ കണ്ടെത്തിയ ഭൂമിയിൽ നവംബർ1ന് കല്ലിടാൻ യോഗത്തിൽ തീരുമാനമായി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള ഈ കല്ലിടൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും ചടങ്ങ് ബഹിഷ്കരിക്കുമെന്നും എൽഡിഎഫ് അറിയിച്ചു.യോഗത്തിൽ ചെയർമാൻ കെ പി ഹാഷിം അധ്യക്ഷനായി.
