Zygo-Ad

പോക്സോ കേസ് പ്രതിയായ മുൻ കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയൻ ചെയര്‍മാൻ സാരംഗ് കോട്ടായിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് എബിവിപിയുടെ മാര്‍ച്ച്‌


പാനൂർ: പോക്സോ കേസ് പ്രതിയായ SFI മുൻ കണ്ണൂർ ജില്ലാ ജോയിൻ സെക്രട്ടറിയും മുൻ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായ സാരംഗ് കോട്ടായിയെ പോലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.

പാനൂർ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച്‌ സ്റ്റേഷനു മുന്നില്‍ പോലീസ് തടഞ്ഞു. സ്റ്റേഷന്റെ ഉള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്തു. എബിവിപി ദേശീയ കൗണ്‍സില്‍ അംഗം അഭിനവ് തൂണേരി പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അശ്വതി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി കിരണ്‍ ദേവ്, സംസ്ഥാന പ്രവർത്തക സമിതി അംഗം കല്യാണി എന്നിവർ സംസാരിച്ചു. 

പോക്സോ കേസ് പ്രതിയായ എസ്‌എഫ്‌ഐ നേതാവ് സാരംഗ് കോട്ടായിയെ ഇനിയും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് എബിവിപിയുടെ തീരുമാനം.

സഹപ്രവർത്തകയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന ഗുരുതര പരാതിയാണ് സാരംഗിനെതിരെ നിലനില്‍ക്കുന്നത്. പരാതിക്കാരിയെ പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡനത്തിന് ഇരയാക്കിയ എസ് എഫ് ഐ നേതാവിനെതിരെ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

പാർട്ടി വക്കീലായ ഷാനവാസ് ആണ് തലശ്ശേരി കോടതിയില്‍ മുൻ‌കൂർ ജാമ്യത്തിന് വേണ്ടി അപേക്ഷിക്കുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ ഒപ്പം ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ച ആളാണ് സാരംഗ്. 

മുൻ സംസ്ഥാന അധ്യക്ഷ അനുശ്രീ ആണ് അന്നത്തെ ജില്ലാ പ്രസിഡന്റ്. വിഷയത്തില്‍ പോലീസ് നടപടി സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് ദുരൂഹമാണ് എന്ന് എബിവിപി അഭിപ്രായപ്പെട്ടു.

വളരെ പുതിയ വളരെ പഴയ