Zygo-Ad

പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ 2 പേർ കൂടി പിടിയിൽ; അറസ്റ്റിലായത് വേളം സ്വദേശി ടി. അഖിൽ, മൊകേരി സ്വദേശി അർജുൻ രാജ് എന്നിവർ


പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ  ബസിൽ വെച്ച് മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ കൂടി ചൊക്ലി പൊലീസിൽ കീഴടങ്ങി. 

വേളം ചേരാപുരം പോയിലോത്തും പൊയിൽ ടി. അഖിൽ, മൊകേരി കോവക്കുന്ന് വെൺകാലുള്ള തറേമ്മൽ വി.ടി അർജുൻ രാജ് എന്നിവരാണ് കീഴടങ്ങിയത്. 

ഇതോടെ കേസിൽ 10 പേർ പിടിയിലായി. തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ചെന്നായിരുന്നു കേസ്.

നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്ത്, പെരിങ്ങത്തൂർ സ്വദേശി വട്ടക്കണ്ടി സവാദ്, വിഷ്ണു, ജിനേഷ് എന്നിവർ ഇക്കഴിഞ്ഞ ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു. 

 വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂരിൽ താഴേപ്പാറയുള്ള പറമ്പത്ത് കെ.സി.ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 29ാം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കി വിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്. 

പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കി വിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. 

പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു. 

ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ലെന്നും വിഷ്ണു വ്യക്തമാക്കി. 

അതേ സമയം ഒരു പ്രശ്നവും ഇല്ലാതെ വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടിരുന്നു.

വളരെ പുതിയ വളരെ പഴയ