ജില്ലയിലെ മൊകേരി കുടുംബാരോഗ്യ കേന്ദ്രം 91.21% സ്കോർ നേടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം കരസ്ഥമാക്കി. സംസ്ഥാനത്തെ 262 ആരോഗ്യ സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചതിൽ മൊകേരി കുടുംബാരോഗ്യ കേന്ദ്രവും ഉൾപ്പെടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ നേട്ടത്തോടെ ജില്ലയിൽ എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 30 ആയി.
എൻ.ക്യു.എ.എസ്. അംഗീകാരം മൂന്ന് വർഷത്തേക്കാണ് ലഭിക്കുക. ഇതിനു ശേഷം ദേശീയ സംഘം പുനഃപരിശോധന നടത്തും. കൂടാതെ, വർഷം തോറും സംസ്ഥാനതല പരിശോധനയും ഉണ്ടാകും. അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിന് വാർഷികമായി രണ്ട് ലക്ഷം രൂപ ഇൻസെന്റീവ് ലഭിക്കും.
ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഒപി, ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ- ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.
ഈ നേട്ടം കണ്ണൂർ ജില്ലയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.