പാനൂർ: മേക്കുന്ന് - പെരിങ്ങളം - ചൊക്ലി ഏരിയകളിൽ മഞ്ഞപ്പിത്തം വ്യാപിച്ച സാഹചര്യത്തിൽ ഓണം - നബിദിനം ആഘോഷങ്ങളിലും, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും ഭക്ഷണ- കുടിവെള്ള വിതരണത്തിൽ കർശന നിയന്ത്രണത്തിന്
മേക്കുന്നിൽ ചേർന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ചൂടുള്ളതൊഴികെ വെൽകം ഡ്രിംഗുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വിതരണം ചെയ്യാൻ പാടില്ല.
സദ്യകളിൽ വെള്ളത്തിൻ്റെ സ്രോതസ്സ് മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിച്ച് സുരക്ഷിത വെള്ളം ഉറപ്പാക്കണം.
വീടുകളിൽ നിന്ന് വിവിധ ഭക്ഷ്യ വിഭവങ്ങൾ കൊണ്ടുവരുന്ന രീതി പൂർണമായും ഉപേക്ഷിക്കണം.
ഹെൽത്ത് കാർഡില്ലാത്ത മുഴുവൻ ജീവനക്കാരും ഒരാഴ്ചക്കുളളിൽ മെഡിക്കൽ ഫിറ്റ്നസ് ഹാജരാക്കണം.
ആരോഗ്യ പ്രവർത്തകർ മുഖേന ശേഖരിക്കുന്ന വാട്ടർ സാമ്പിൾ റിസൾട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുമ്പ് അധികൃതരെ അറിയിക്കണം.
മഞ്ഞപ്പിത്ത ബാധയുള്ളവർ അക്കാര്യം ബന്ധുക്കളെയും മറ്റും അറിയിച്ച് സന്ദർശനം വിലക്കണം.
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പുറത്ത് വരാൻ ഒന്നര മാസം വരെ എടുക്കാമെന്ന കാര്യവും ഈ കാലയളവിൽ രോഗലക്ഷണങ്ങൾ പ്രകടമാവാത്ത വ്യക്തിക്ക് മറ്റുള്ളവർക്ക് രോഗം പരത്താൻ കഴിയുമെന്നതിനാലും രോഗിയും രോഗിയുമായി അടുത്ത് ഇടപഴകിയവരും ആഘോഷ പരിപാടികളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതും, ആളുകൾ ഒത്തുചേരുന്ന ചടങ്ങുകളിൽ നിന്ന് വിട്ടു നിന്ന് രോഗപ്പകർച്ച തടയാൻ തയ്യാറാകണം.
സ്കൂളുകളിൽ കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കുവെക്കാൻ പാടില്ല. കേവലം ചൂടുള്ള വെള്ളമല്ല, തിളപ്പിച്ചാറിയ വെള്ളമാണ്
കുടിക്കേണ്ടത്. സ്കൂൾ കുട്ടികളിലെ രോഗ വിവരങ്ങൾ നിശ്ചയിക്കപ്പെട്ട ടീച്ചർ ആരോഗ്യ പ്രവർത്തകരെ അപ്പപ്പോൾ അറിയിക്കണം.
വാർഡ് സാനിറ്റേഷൻ കമ്മറ്റികൾ അടിയന്തിരമായി യോഗംചേരും. എല്ലാ തിങ്കളാഴ്ചകളിലും മേക്കുന്ന് - പെരിങ്ങളം -കരിയാട് എന്നീ മൂന്ന് പി.എച്ച്.സികൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് അവലോക യോഗങ്ങൾ നടത്തും.
വാർഡുകളിൽ ക്ലോറിനേഷൻ ക്യാമ്പയിൽ ആരംഭിച്ചു. കുടുംബശ്രീ ആരോഗ്യ വളണ്ടിയർമാരുടെ കൂട്ടായ്മ - ആരോഗ്യശ്രീ - ഉടൻ പ്രവർത്തനമാരംഭിക്കും. സെപ്തംബർ 14-ന് സന്ദേശദിനം ആചരിക്കും.
സ്കൂളുകളിൽ മഞ്ഞപ്പിത്തം സംബന്ധിച്ച ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും.
മൈക്ക് അന്നൗൺസ്‌മെന്റ് തുടരും. ഫിൽട്ടർ ഉപയോഗം ഫലപ്രദമാക്കണം.മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും
നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് വ്യാപാരി വ്യവസായി സംഘടനകൾ ഉറപ്പുവരുത്തും.
സോഷ്യൽ മീഡിയ ക്യാമ്പയിൽ ശക്തിപ്പെടുത്തും.