Zygo-Ad

ഭൂഗർഭ ജലനിരപ്പ് അനുദിനം താഴുന്നു ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്രിട്ടിക്കൽ സ്റ്റേജിലേക്ക്, കിണർ ജല ഉപയോഗത്തിന് പോലും നിയന്ത്രണമുണ്ടാകുമെന്നും മുന്നറിയിപ്പ്

 


പാനൂർ:ഭൂഗർഭ ജലം താണുകൊണ്ടിരിക്കുന്ന അപകടകരമായ  അവസ്ഥയിലേക്ക്  പാനൂർ ബ്ലോക്ക് പഞ്ചായത്ത്. സെമി ക്രിട്ടിക്കലിൽ നിന്നും അത്യന്തം അപകടകരമായ  ക്രിട്ടിക്കൽ സ്ഥിതിയിലേക്ക് നടന്നടുക്കുകയാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത്. ഈ അവസ്ഥയിൽ നിന്നും കരകയറാൻ കർശന നടപടികൾ വേണമെന്നും ഇത് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന പഞ്ചായത്ത് ഭാരവാഹികളുടെ  യോഗത്തിൽ  ആവശ്യമുയർന്നു.

ഭൂഗർഭ ജല വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം സെമി ക്രിട്ടിക്കൽ ഘട്ടത്തിലാണ് പാനൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകൾ.  ഇത് ഏറെ ഗൗരവത്തോടെയും, അത്യന്തം പ്രാധാന്യത്തോടെയും ചർച്ച ചെയ്യേണ്ട വിഷയമാണ്. സെമി ക്രിട്ടിക്കൽ അവസ്ഥയിൽ നിന്ന് ക്രിട്ടിക്കൽ അവസ്ഥയിലേക്ക് ഏത് സമയവും മാറാം എന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും ഇത് അതീവ ഗൌരവത്തോടെ കാണേണ്ടതാണെന്നും 

ഹരിത കേരളം നവകേരളം മിഷൻ കണ്ണുർ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.  ക്രിട്ടിക്കൽ ഘട്ടത്തിലേക്ക് കടന്നാൽ കാർഷിക, നിർമ്മാണ, മറ്റ് അനുബന്ധ പ്രവൃത്തികൾക്ക്  തടസ്സമാകും. വീട്ടുകിണറുകളിൽ നിന്നും വെള്ളമെടുക്കുന്നതിന് പോലും നിയന്ത്രണമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനുവേണ്ടിയുള്ള കിണർ റീചാർജ്ജ് പോലുള്ള പദ്ധതികൾ നിർബന്ധമാക്കണമെന്ന്  ഹൈഡ്രോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു, ഭൂഗർഭ ജല വകുപ്പ് ജൂനിയർ ഹൈഡ്രേളജിസ്റ്റ് ജസീറ എന്നിവർ പറഞ്ഞു. 

യോഗം  പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു. 

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് കെ.പി രമ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് സ്വാഗതം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ