Zygo-Ad

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ് : പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യഹരജി തള്ളി

 


തലശ്ശേരി പെരിങ്ങത്തൂർ – തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസിന്റെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ.വിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ഒളിവിൽ കഴിയുന്ന നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്തിന്റെയും പെരിങ്ങത്തൂർ വട്ടക്കണ്ടി സ്വദേശിയായ സവാദിന്റെയും ഹരജികളാണ് കോടതി തള്ളിയത്.

വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകളിലാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശക്തമായ തെളിവുകൾ നിലനിൽക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. ഇതോടെ പ്രതികൾ കീഴടങ്ങാനുളള സാധ്യത വർധിച്ചു.

സംഭവത്തിൽ ആദ്യം എട്ട് പേരെതിരെ ചൊക്ലി പൊലീസ് കേസ് എടുത്തിരുന്നു. ഇവരിൽ വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂർ സ്വദേശി കെ.സി.ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ സ്വദേശി കെ.ടി. സി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


സംഭവദിവസം തന്നെ സ്ഥലം വിട്ട വിശ്വജിത്തിനെയും സവാദിനെയും പൊലീസ് തേടുന്നതിനിടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇവരെ കൂടാതെ മറ്റു രണ്ടു പ്രതികളെ കൂടി ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമം തുടരുകയാണ്.


 ഏറെ പൊതുജനശ്രദ്ധ നേടിയ കേസായതിനാൽ പ്രതികളെ സംരക്ഷിക്കുന്നവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ