Zygo-Ad

ബസ്സില്ല ! -പക്ഷേ ബസ്റ്റോപ്പുകൾ കിടിലം, പടന്നക്കരയിലെ യാത്രാദുരിതം അവസാനിക്കുന്നില്ല

 


.
പാനൂർ നഗരസഭയിലെ കരിയാട് പടന്നക്കരക്കാർക്ക് പറയാനുള്ളത് പരിഹരിക്കപ്പെടാത്ത യാത്രാപ്രശ്നങ്ങളുടെ കഥകളാണ്. ഒരു ബസ് സർവീസില്ലാത്തതിന്റെ ബുദ്ധിമുട്ട് എത്രയോ വർഷങ്ങളായി ഇവിടത്തുകാർ അനുഭവിക്കുന്നു. മോന്താലിലോ പള്ളിക്കുനിയിലോ കരിയാടോ നടന്നെത്തി വേണം ബസ് പിടിക്കാൻ.

നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടതോടെ ഇരുപത് വർഷം മുമ്പാണ് തലശ്ശേരിയിൽനിന്ന് പടന്നക്കരയിലേക്ക് പെരിങ്ങാടി, ന്യൂ മാഹി വഴി ഒരു കെഎസ്ആർടിസി ബസ്‌ ഓട്ടം തുടങ്ങിയത്. അന്ന് ഈ പ്രദേശം കരിയാട് പഞ്ചായത്തിലായിരുന്നു. സമയക്രമത്തിനനുസരിച്ച് പടന്നക്കരയെ സമീപ പ്രദേശങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ ഈ ബസ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പരിമിതമായ ട്രിപ്പുകളായിരുന്നുവെങ്കിലും നാട്ടുകാർ ബസ് സമയത്തിനനുസരിച്ച് അവരുടെ യാത്ര ക്രമീകരിച്ചു.

റോഡുൾപ്പെടെ അത്രയൊന്നും വികസിച്ച പ്രദേശമായിരുന്നില്ല അന്ന് ഈ ഗ്രാമം. ബസ് ജീവനക്കാർക്ക് താമസം ഉൾപ്പെടെ സൗകര്യങ്ങൾഏർപ്പെടുത്തിക്കൊടുത്ത് നാട്ടുകാർ ബസിനെ നാടിനോട് ചേർത്തുനിർത്തി. ബസിന് എന്തെങ്കിലും മുടക്കമുണ്ടെങ്കിൽ നാട്ടുകാരെ മുൻകൂട്ടി അറിയിക്കാനും ജീവനക്കാർ മറന്നിരുന്നില്ല. തുടർന്ന് വർഷങ്ങളോളം ബസ് സർവീസ് നടത്തി. ഇടക്കാലത്ത് 'മുങ്ങാൻ' തുടങ്ങിയതോടെയും നാട്ടുകാരുടെ ജീവിതചര്യതന്നെ തെറ്റി എന്ന് വേണം പറയാൻ. വല്ലപ്പോഴും വരുന്ന ബസ് കാത്തുനിൽക്കാൻ ആളുകൾ മടിച്ചു. ഒരു സ്വകാര്യ ബസും കുറച്ചു കാലം ഓടി. പിന്നീട് അതും നിർത്തി. ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയായി

ഇതിനിടെ പടന്നക്കരയിലേക്കുള്ള പ്രധാന റോഡ് കോടികൾ ചെലവിട്ട് ആധുനികീകരിച്ചു. നഗരസഭ ഫണ്ടുകൾ വന്നതോടെ ഗ്രാമീന്ന റോഡുകളും മെച്ചപ്പെട്ടു. അപ്പോഴേക്കും ബസ് ഓട്ടം നിർത്തിയിരുന്നു. ഇപ്പോൾ അഞ്ച് വർഷത്തോളമായി ബസോട്ടം നിലച്ചിട്ട്. വിദ്യാർഥികളുൾപ്പെടെ എല്ലാവരും യാത്രാദുരിതത്തിലാണ്. നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളുമെല്ലാം നിവേദനങ്ങൾ നൽകി കാത്തിരുന്നു. ഫലമുണ്ടായില്ല .

പടന്നക്കരയിൽനിന്ന് ഏറെ അകലെയുള്ള പാനൂർ നഗരസഭ കാര്യാലയത്തിലേക്കോ തലശ്ശേരി, മാഹി എന്നിവിടങ്ങളിലേക്കോ എത്തിച്ചേരാൻ ഇവിടത്തുകാർ അനുഭവിക്കുന്ന പ്രയാസം കടുത്തതാണ്. ഓട്ടോ പിടിച്ച് പള്ളിക്കുനിയിലോ കരിയാടോ എത്തി വേണം ബസ് യാത്ര തുടരാൻ. സ്വകാര്യ ബസിന് അനുമതി ലഭിച്ചാൽ ഓടാൻ തയ്യാറുള്ളവരുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വളരെ പുതിയ വളരെ പഴയ