Zygo-Ad

കാട്ടുപന്നി ഭീഷണി നേരിട്ട് കർഷകരുടെ തുണയായി കെപി സഫരിയ്യ: ഒരു വനിതാ ജനപ്രതിനിധിയുടെ മാതൃകാപരമായ ഇടപെടൽ

 


പാനൂർ
: കൃഷിക്കും ജനജീവിതത്തിനും വൻ ഭീഷണിയായി മാറിയ കാട്ടുപന്നികളെ പ്രതിരോധിക്കാൻ  പോരാട്ടവുമായി കുന്നോത്ത്‌പറമ്പ ഗ്രാമപഞ്ചായത്തിന്റെ ഒമ്പതാം വാർഡ് അംഗം കെ പി സഫരിയ്യ രംഗത്തെത്തി. സമർപ്പിതമായ പ്രവർത്തനങ്ങളിലൂടെ ജനപിന്തുണ നേടുകയാണ് ഈ വനിതാ ജനപ്രതിനിധി.

മണിമുട്ടികുന്നിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒമ്പതാം വാർഡ്, കാട്ടുപന്നികളുടെ പതിവ് ആക്രമണ മേഖലയായി മാറിയ സാഹചര്യത്തിൽ, ദിവസേനയും കൃഷി നശിക്കുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്യുകയായിരുന്നു. തുടക്കത്തിൽ രാത്രികളിലായിരുന്ന ഈ ശല്യം, പിന്നീട് പകൽ സമയത്തേക്കും വ്യാപിച്ചു. പാറമ്മൽ, ആലത്തുംകാട്, ചിറക്കര തുടങ്ങിയ ഭാഗങ്ങളിൽ കൃഷി നടത്താൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് സ്ഥിതി എത്തുകയായിരുന്നു.

ഗ്രാമസഭകളിൽ നിന്നും മറ്റും പരാതികൾ ഉയരുന്നത് പരിഗണിച്ചാണ് സഫരിയ്യ മെമ്പർ അതിനോടുള്ള ശക്തമായ നിലപാട് സ്വീകരിച്ചത്. പഞ്ചായത്തിന്റെ ഭരണസമിതി യോഗത്തിൽ വിഷയം ഉന്നയിച്ചതിനെ തുടർന്ന് സർക്കാർ അംഗീകൃത ഷൂട്ടറെ നിയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ച് വധിക്കാനുള്ള തീരുമാനമാണ് പഞ്ചായത്തിൻറെ നേതൃത്വത്തിൽ എടുക്കപ്പെട്ടത്.

വിനോദ് എന്ന അംഗീകൃത ഷൂട്ടർ ഇതിനകം ഏഴുതവണ വാർഡിൽ എത്തി  ഇരുപതോളം കാട്ടുപന്നികളെയാണ് ഇതിനകം വെടിവെച്ച് വധിച്ചിട്ടുള്ളത്. ഷൂട്ടറെ സഹായിക്കാൻ വാർഡ് വികസന സമിതിയംഗങ്ങളായ അഷറഫ് പാറമ്മൽ, അനസ് കുട്ടക്കെട്ടിൽ എന്നിവർ സജീവമായി പങ്കെടുത്തു.

വന്യജീവി ശല്യത്തിനെതിരെ സംസ്ഥാന കേന്ദ്ര സർക്കാറുകൾക്കുപോലും കൃത്യമായ നടപടികൾ കൈക്കൊള്ളാൻ കഴിയാതെ വന്ന കാലഘട്ടത്തിൽ, അതിന്റെ പരിമിതികളിൽ നിന്ന് തന്റെ അധികാരപരിധിക്ക് അനുയോജ്യമായി പരമാവധി പ്രവർത്തിക്കാൻ തയ്യാറായതിലൂടെ കെ പി സഫരിയ്യ വലിയൊരു മാതൃകയാകുന്നു.

 വനിത ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയായും  പ്രവർത്തിക്കുന്ന സഫരിയ്യയ്ക്ക് നാട്ടുകാരുടെ ഏകകണ്ഠമായ പിന്തുണയും കൈയ്യോടെ ലഭിച്ചിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ