പാനൂർ ∶ പെൺകുട്ടികളോടൊപ്പം യാത്ര ചെയ്തെന്ന കാരണത്താൽ പത്താംക്ലാസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. സംഭവം പൊയിലൂരിൽ.
കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ സിനാൻ നിസാർ (14), മുഹമ്മദ് സഫ്വാൻ (14) എന്നിവർക്ക് ആണ് മർദ്ദനമേറ്റ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയോടെ, സഹപാഠികളായ രണ്ട് പെൺകുട്ടികളോടൊപ്പം ഇരുചക്രവാഹനത്തിൽ ചായക്കടയിൽ എത്തിയപ്പോൾ, സ്ഥലത്തെ ഒരു സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. പിന്നീട്, ഹോട്ടലിൽ നിന്നെടുത്ത ഫോട്ടോ യൂട്യൂബിൽ വൈറലായതോടെ പ്രകോപിതരായ സംഘം പെൺകുട്ടികളോടൊപ്പം എത്തിയ വിദ്യാർത്ഥികളെ തല്ലുകയായിരുന്നു എന്നാണ് വിവരം.
മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ വിദ്യാർത്ഥികളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളിൽ ഒരാളുടെ സഹോദരന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന സൂചനയും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.