പാനൂർ: കനത്ത മഴയിൽ ചോർന്നൊലിച്ച് പാനൂർ താലൂക്ക് ആശുപത്രി. ഓഫീസും, കോൺഫറൻസ് ഹാളും, റാമ്പുമുൾപ്പടെ ചോർന്നൊലിക്കുകയാണ്. അടിയന്തിര നടപടിയെടുക്കാൻ പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം നിർദ്ദേശം നൽകി.
3 ദിവസമായി തുടരുന്ന കനത്ത മഴയിൽ പാനൂർ താലൂക്കാശുപത്രി കെട്ടിടം ചോർന്നൊലിക്കുന്നു.
ഭിന്നശേഷി സൗഹൃദത്തിനായി നിർമ്മിച്ച ആശുപത്രി റാമ്പും, കോൺഫറൻസ് ഹാളും, ഒപ്പം ഓഫീസ് റൂമും ചോർന്നൊലിക്കുകയാണ്. കോൺഫറൻസ് ഹാളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഷോക്കടിക്കുന്നത് പേടിച്ച് ഹാൾ അടച്ചു പൂട്ടി സൂക്ഷിക്കുകയാണിപ്പോൾ.
ഓഫീസ് റൂമിലെ കമ്പ്യൂട്ടറുകൾ ഉൾപ്പടെ മറ്റൊരിടത്തേക്ക് മാറ്റി. കെട്ടിടത്തിന് മുകളിലുണ്ടായ ഷീറ്റ് പാറിപ്പോയതാണ് ഈ ദുരവസ്ഥക്ക് കാരണം. വിവരമറിഞ്ഞ് പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം സ്ഥലത്തെത്തി.
ചോർച്ച തടയാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഐ.കെ അനിൽ കുമാറിന് നഗരസഭാ ചെയർമാൻ ഉറപ്പു നൽകി. തുടർന്ന് അദ്ദേഹം കരാറുകാരനെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിയാരംഭിക്കാൻ ആവശ്യപ്പെട്ടു.
ഒ.പി ബ്ലോക്കും ശോച്യാവസ്‌ഥയിലാണ്. വർഷാവർഷം പെയിൻ്റടിക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും പരാതികളുണ്ട്.
പ്രവേശന കവാടത്തിലുള്ള പ്രധാന കെട്ടിടത്തിലും സ്‌ഥിതി വ്യത്യസ്തമല്ല.