കരിയാട് ഡയാലിസ് സെൻറർ മാലിന്യ പ്രശ്നത്തിൽ പാനൂർ മുൻസിപ്പാലിറ്റിയും യുഡിഎഫും പൊതു ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. ഹരീന്ദ്രൻ ആരോപിച്ചു.
കരിയാട് ഡയാലിസിസ് സെന്ററിന്റെ പരിസരത്തെ കുടിവെള്ള പ്രശ്നത്തിൽ ജനങ്ങളുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കരിയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ നഗരസഭ ഓഫീസിൽ മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങളായി പൊതു ജനങ്ങളുടെ ശുദ്ധ ജലത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയമുണ്ടായിട്ടും അത് പരിഹരിക്കാൻ തയ്യാറാകാത്ത മുൻസിപാലിറ്റിയുടെ സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്നും എത്രയും വേഗം പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദേഹം പറഞ്ഞു.
കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.സുധീർ കുമാർ, എം.ടി.കെ.ബാബു, സി.എച്ച്.സ്വാമിദാസൻ, കെ.കെ.മിനി, രാഗേഷ് പാറക്കെട്ടിൽ, രാമചന്ദ്രൻ ജോത്സ്ന, പി.പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.