പാനൂർ: പാനൂരിനടുത്ത മൊകേരി വള്ള്യായില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ എ.കെ. ശ്രീധരന്റെ കുടുംബത്തിന് വനം വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയില്‍ ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ കൈമാറി.
മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സനാണ് ശ്രീധരന്റെ മകന്‍ വിപിന് വീട്ടിലെത്തി ചെക്ക് കൈമാറിയത്. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത്, വാര്‍ഡ് അംഗം അനില്‍ വള്ള്യായി എന്നിവരും കൂടെയുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെയാണ് കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ ശ്രീധരന്‍ മരണപ്പെട്ടത്. വന്യ ജീവികളുടെ അക്രമത്തില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെട്ടാല്‍ വനം വകുപ്പ് നഷ്ട പരിഹാരം ലഭ്യമാക്കുന്നുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത് പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ലളിതമായ നടപടി ക്രമങ്ങളിലൂടെ കര്‍ഷകര്‍ക്ക് ഇത് ഉപയോഗപെടുത്താമെന്നും അദ്ദേഹം പറഞ്ഞു.