നഗരസഭ പരിധിയിലെ കരിയാട് മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ പരാതി നേരിട്ട് കാണാനെത്തിയ പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്ത് നാട്ടുകാരുടെ പരാതി നേരിട്ട് കാണാൻ നഗരസഭ കൗൺസിലർമാരോടൊപ്പം കരിയാട് എത്തിയത്. രാത്രി കാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് കാരണം കർഷകർ പ്രതിസന്ധിയിലായതോടെ പുളിയനമ്പ്രം സ്വദേശി ഇർഷാദ് ലാവണ്ടർ സമൂഹ മാധ്യമങ്ങൾ വഴി സംഭവത്തിൻ്റെ ഗൗരവം പരാതിയായി തുറന്നെഴുതിയതോടെയാണ് നഗരസഭ ചെയർമാൻ കെ.പി ഹാഷിം വാർഡ് കൗൺസിലർമാരായ എൻ.എ കരീം, അൻവർ കക്കാട്ട് ഉൾപ്പെടെയുള്ളവരെയും കൂട്ടി പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് പഠിക്കാനെത്തിയത്. കാട്ടു പന്നിയെ നേരിട്ട് കണ്ടതോടെ പ്രശ്ന പരിഹാരത്തിന് ഉടൻ പരിഹാരം കാണുമെന്നും ഷൂട്ടറെ കിട്ടാത്തതും
ഫോറസ്റ്റ് അധികൃതരുടെ മെല്ലെ പോക്ക് സമീപനവും കാട്ടുപന്നികളെ കൊന്നൊടുക്കാൻ വൈകുന്നതെന്നും പ്രദേശവാസികളെ അധികാരികൾ അറിയിച്ചു. സംസ്ഥാന സർക്കാർ ആക്രമകാരികളായ കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും പൂർണ്ണ ചിലവുകൾ അതത് പ്രദേശിക സർക്കാറുകൾ വഴിക്കണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് സാരമായി പരുക്കേറ്റ സംഭവവും മേഖലയിൽ ഉണ്ടായിട്ടുണ്ട്