പെരിങ്ങത്തൂർ: വർഷങ്ങളായി പൂട്ടിയിട്ട നഗരസഭയുടെ സ്വന്തം കെട്ടിടം അറ്റകുറ്റപ്പണി നടത്തി വീണ്ടും പൂട്ടിയിട്ടു. പാനൂർ നഗരസഭയിൽ 17ാം വാർഡിലെ പെരിങ്ങളം പുല്ലൂക്കര മീത്തൽ അങ്കണവാടി കെട്ടിടത്തിലെവിശാലമായ മുകൾ നിലയാണ് വർഷങ്ങളായി ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് നഗരസഭലക്ഷങ്ങൾ ചെലവഴിച്ച് വീണ്ടും മോടി കൂട്ടിയ കെട്ടിടമാണിത്. താഴത്തെ നിലയിൽ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. സൗകര്യമുള്ള കെട്ടിടങ്ങളില്ലാതെ ബുദ്ധിമുട്ടുമ്പോൾ ഉള്ള കെട്ടിടം ഒന്നിനും ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് അറിയുന്നില്ല.
15 വർഷം മുമ്പ് പെരിങ്ങളം പഞ്ചായത്ത് സ്വന്തം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് കെട്ടിടം. നിർമ്മിച്ചത് മുതൽ ഉപയോഗിക്കാതെയിട്ടെങ്കിലും അറ്റകുറ്റപണിക്ക് വീണ്ടും തുക അനുവദിച്ചു. കെട്ടിടം എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതിയോട് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പിന്നീട് പെരിങ്ങളം പഞ്ചായത്ത് ഇല്ലാതായപ്പോൾ കെട്ടിടം പാനൂർ നഗരസഭയുടെ കീഴിലായി.
തുടർന്ന് വീണ്ടും നഗരസഭ രണ്ട് തവണ സ്വന്തം ഫണ്ടുപയോഗിച്ച് കെട്ടിടം നവീകരിച്ചു. മേൽക്കൂരയുടെ അറ്റകുറ്റപ്പണിയും നടത്തി. ടൈൽസ് പാകി വൈദ്യുതി ബന്ധവും സ്ഥാപിച്ചു .മഴവെള്ളമൊഴുകാൻ പൈപ്പുകളും വെച്ചു. ഒന്നാം നിലയിലേക്ക് കയറാനുള്ള കോണിയും മോടി കൂട്ടി.
നവീകരണം നടത്തിയ കെട്ടിടത്തിൽ പൊതു ഉപയോഗ കാര്യാലയങ്ങൾ വേണമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പഞ്ചായത്തും നഗരസഭയും ഒരേ പോലെ അവഗണിച്ചു .സാംസ്കാരിക കേന്ദ്രം, ഗ്രന്ഥശാല,വായനശാല എന്നിവയിലേതെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യവും ഗ്രാമ, വാർഡ് സഭകളിൽ നാട്ടുകാർ പലതവണ ഉന്നയിച്ചു. വാർഡ് കൗൺസിലർക്ക് ഒരു ഓഫീസായി ഉപയോഗിക്കാനെങ്കിലും ഇത് നൽകണമെന്ന് നാട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നു. അതും നടന്നില്ല.
വേനലിലും വെള്ളം ലഭിക്കുന്നപൊതുകിണറുൾപ്പെടെയുള്ള സൗകര്യവുമുണ്ടിവിടെ .നഗരസഭയുടെ ഒരാവശ്യത്തിനും ഇത് ഉപയോഗിക്കുന്നില്ല. എല്ലാ സൗകര്യങ്ങളും ഉള്ള ഈ കെട്ടിടം എന്തിനാണിങ്ങനെ നിർമ്മിച്ച് പൂട്ടിയിട്ടിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ സംശയം.