മുൻ മന്ത്രി കെ ടി ജലീൽ പാടിയ താരാട്ട് പാട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ് . ഈ കവിത മനോഹമായി രചിച്ചത് ആരാണ് എന്ന് പലരും അന്വേഷിക്കുന്നതായും കാണാനിടയായി തലശ്ശേരി കടവത്തൂർ സ്വദേശി ആയിരുന്ന മർഹൂം എൻ കെ അഹ്മദ് മൗലവി (1926 -- 2007 ) ആണ് എഴുതിയത്.
1926 ൽ കടവത്തൂരിലാണ് എൻ. കെ. അഹ്മദ് മൗലവി ജനിച്ചത്. 2007 ജനുവരി 13 ന് വിടവാങ്ങുകയും ചെയ്തു. 200 ലധികം അറബിക്കവിതകളും നിരവധി അറബി ഗാനങ്ങളും മൗലവി രചിച്ചിട്ടുണ്ട്. മദ്ഹ് ഗാനങ്ങളും അനുശോചന കാവ്യങ്ങളുമാണ് അദ്ദേഹത്തിൻ്റെ ഇഷ്ട മേഖല. നിമിഷ നേരം കൊണ്ട് അറബിക്കവിതകൾ രചിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് പ്രശംസനീയമാണ്, ദേശീയ, അന്തർദേശീയ നേതാക്കളെ കുറിച്ചും അവരുടെ വിയോഗത്തെ കുറിച്ചും ധാരാളം കവിതകൾ രചിച്ചിട്ടുണ്ട്.. സ്വാഗത ഗാനം തയ്യറാക്കുവാൻ പലരും അദ്ദേഹത്തെയാണ് സമീപിക്കാറുള്ളത്.
മക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന റാബിത്വയുടെ ജനറൽ സെക്രട്ടറി നിര്യാതനായപ്പോൾ എൻ.കെ. കോർത്തിണക്കിയ അനുശോചന വരികൾക്ക് റാബിത്വയുടെ പ്രത്യേക പ്രശംസ പിടിച്ച് പറ്റിയിരുന്നു.കവിതയുടെ വൃത്തം, പ്രാസം എന്നിവയിൽ ഗ്രന്ഥം രചിച്ചതിന് പുറമെ അറബിയിലും മലയാളത്തിലും ധാരാളം കൃതികൾ എഴുതിയിട്ടുമുണ്ട്.
എൻ.കെ യുടെ കവിതകൾ പാഠപുസ്തകങ്ങളിൽ ധാരാളമായി വന്നിട്ടുണ്ട്. ആനുകാലിക വിഷയങ്ങളിൽ നിമിഷ നേരം കൊണ്ട് കവിതകൾ രചിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ പല കവിതകളും വെളിച്ചം കാണാതെ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ലഭ്യമായ കവിതകൾ കണ്ടെത്തി നദീർ കടവത്തൂർ ദീവാനു എൻ.കെ. അഹ്മദ് മൗലവി എന്ന പുസ്തകം തയ്യാറാക്കിയത് പ്രശംസനീയമാണ്..
അറബി പാഠ പുസ്തക നിർമ്മാണ കമ്മിറ്റിയിലും യു.പി, ഹൈസ്കൂൾ, കോളേജ് അധ്യാപകനായും സേവമനുഷ്ടിച്ചു. 1981 ൽ ഹൈ സ്കൂൾ അധ്യാപകനായി വിരമിച്ച്, ശിഷ്ട കാലം മരണം വരെ കടവത്തൂർ NIA കോളേജിൻ്റ അംഗീകാരത്തിനും അവിടുത്തെ അധ്യാപകനായും പ്രിൻസിപ്പാളായും പ്രവർത്തിക്കുകയായിരുന്നു.