Zygo-Ad

തെക്കേ പാനൂരിൽ രാജനും കുടുംബവും പാമ്പ് ഭീഷണിയിൽ


പാനൂർ: തെക്കേ പാനൂർ വയൽഭാഗം അള്ളോത്ത് താഴെക്കുനിയിൽ രാജനും കുടുംബവും പാമ്പ് ഭീഷണിയിൽ. അയൽവാസിയായ അള്ളോത്ത് താഴേക്കുനിയിൽ നാരായണിയുടെ വീട്ടു വളപ്പിലെ മുള മരത്തിൽ വരുന്ന പാമ്പുകളാണ് രാജനും കുടുംബവും ഭീഷണിയായി തീർന്നത്. 

കഴിഞ്ഞ ദിവസം രാത്രി കൂറ്റൻ പെരുമ്പാമ്പ് മുള മരത്തിൽ കയറി നിൽക്കുന്നത് രാജന്റെ ശ്രദ്ധയിൽപ്പെട്ടു. രാജൻ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരെയും പോലീസിനെയും വിവരമറിയിച്ചിട്ടും ആരും വരാത്തതിനാൽ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 

നാട്ടുകാരിൽ ചിലർ വന്നു പാമ്പിനെ പിടിച്ചു ചാക്കിലാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ തുറന്നു വിടാനാണ് നിർദ്ദേശിച്ചത്. വനം വകുപ്പ് നിയമിച്ച ഉദ്യോഗസ്ഥർ അല്ലാതെ മറ്റാർക്കും പാമ്പിനെ പിടിക്കാൻ പാടില്ലെന്നും അവർ ഉപദേശിച്ചു.

ഒരു രാത്രി മുഴുവൻ ഉറങ്ങാതെ രാജന്റെ കുടുംബം കഴിഞ്ഞു. ബുധൻ രാവിലെ വീണ്ടും വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ല. പാമ്പിനെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് രാജനും കുടുംബവും.

   അയൽവാസിയായ നാരായണിയുടെ വീട്ടു വളപ്പിലെ മുളം കൂട്ടം മുറിച്ചു മാറ്റാൻ വേണ്ടി നിരവധി തവണ രാജൻ പരാതി നൽകിയിയിരുന്നു. നഗരസഭാ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. 

അസുഖ ബാധിതനായ രാജന്റെ വീട്ടിലേക്ക് വഴിയുമില്ല. വീടിൻ്റെ പരിസരത്ത് മലിന ജലം കെട്ടിക്കിടക്കുകയാണ്.പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്.

പാനൂർ നഗരസഭയിലെ 40-ാം വാർഡിലാണ് വയൽ ഭാഗം പ്രദേശം. കൊതുക് ശല്യം വ്യാപകമായിരിക്കുന്നു. വീട്ടിലേക്ക് റോഡില്ലാത്തതിനാൽ അസുഖ ബാധിതനായ ഭർത്താവിനെ ചികിത്സിക്കാൻ ആശുപത്രിയിലേക്ക് പോകാൻ കഴിയാതെ വരുന്നു എന്ന് രാജൻ്റെ ഭാര്യ സഹജ പറഞ്ഞു. 

ക്യാൻസർ രോഗിയായ രാജനെ ആശുപത്രിയിൽ എത്തിക്കാനും തിരിച്ചു കൊണ്ടു വരാനും വേണ്ട നടപടികൾ നഗരസഭ സ്വീകരിക്കുന്നില്ല. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷം ആയിട്ടുണ്ട്. നിരവധി നായകൾ പ്രസവിച്ച് കുട്ടികളുമായി കഴിയുകയാണ്. 

വീടിനു സമീപം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം വമിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മരം വെട്ടിയിട്ടിട്ടുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല എന്ന് രാജൻ പറഞ്ഞു. 

വീടിനോട് ചാഞ്ഞു നിൽക്കുന്ന മുള മരം മുറിച്ചു നീക്കാനും, പരിസരത്ത് കെട്ടി നിൽക്കുന്ന വെള്ളം ഒഴിവാക്കി കിട്ടുവാനും, വീട്ടിലേക്ക് റോഡ് നിർമ്മിച്ചു നൽകുവാനും വേണ്ടി രാജൻ നഗരസഭ സെക്രട്ടറി, കലക്ടർ, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ