Zygo-Ad

പെരിങ്ങത്തൂർ പാലം അറ്റകുറ്റപ്പണിക്കായി ഒരു മാസം അടച്ചിടും

 


ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിൽ നാദാപുരം-തലശ്ശേരി റോഡിൽ കണ്ണൂർ, കോഴിക്കോട് ജില്ലക ളെ ബന്ധിപ്പിക്കുന്ന അതിർത്തിയിലെ പെരിങ്ങത്തൂർ പാലം അറ്റകുറ്റപ്പണികൾക്കായി 20 മുതൽ അടച്ചിടുന്നു. ഫെബ്രുവരി 20 വരെയാണ് അടയ്ക്കുന്നത്. 

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും ഇതിലെ തിങ്കളാഴ്ച മുതൽ കടത്തി വിടില്ല. കാൽനട യാത്ര ക്കാർക്ക് മാത്രമാണ് പാലത്തിന്റെ സൈഡിലൂടെ യാത്ര ചെയ്യാൻ അനുമതിയുള്ളത്. 

തലശ്ശേരി ഭാഗത്തേക്ക് കുറ്റ്യാടി, നാദാപുരം ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേർ നിത്യേന യാത്ര ചെയ്യുന്ന ഈ പാലം അടച്ചിടുമ്പോൾ ഇതു വഴി തലശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രയാസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ആശുപത്രികളിലേക്കും, ടൗണിലേക്കും പോകുന്ന ഒട്ടേറെപ്പേർ ഒരു മാസക്കാലം സഹിക്കുകയേ നിവൃത്തിയുള്ളൂ.

പാലത്തിലെ കോൺക്രീറ്റ് പണികൾ, കൈവരി പുതുക്കിപ്പണിയുക, റോഡും പാലവും ചേരുന്ന ഭാഗം നവീ കരിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് ഒരു മാസം കൊണ്ട് തീർക്കേണ്ടതെന്ന് തലശ്ശേരി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ (ബ്രിഡ്ജസ്) മാതൃഭൂമിയോട് പറഞ്ഞു. 

കുറച്ചു വർഷങ്ങൾക്കു മുൻപ് ബസ് പാലത്തിൽ നിന്ന് കൈവരി തകർത്ത് പുഴയിലേക്ക് വീണ അവസരത്തിൽ കൈവരി പുതുതായി നിർമിച്ച അറ്റകുറ്റപ്പണി മാത്രമാണ് ഇവിടെ ചെയ്തതെന്നും ഈ പാലം നിർമിച്ച ശേഷം ആദ്യമായാണ് തകർന്ന കോൺക്രീറ്റ് ഉൾപ്പെടെ മാറ്റിപ്പുതുക്കുന്ന നിർമാണ പ്രവൃത്തി നടത്തുന്നതെന്നും അസി. എൻജിനീയർ ബിനോയ് പറഞ്ഞു.

ഫെബ്രുവരി 20-നു മുൻപ് പണി പൂർത്തിയാക്കുകയാണെങ്കിൽ പാലം തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതു വഴി പോകേണ്ട വാഹനങ്ങൾ പാറക്കടവ് മുണ്ടത്തോട് വഴിയോ, കാഞ്ഞിരക്കടവ് വഴിയോ പോകേണ്ട വിധത്തിൽ ഗതാഗത ക്രമീകരണം നടത്തണമെന്നും കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപ വിഭാഗം അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ