പാനൂർ :പെരിങ്ങത്തൂർ പുഴയോരത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണവുമായി പാനൂർ നഗരസഭ യോഗത്തിൽ എൽഡിഎഫ് . ഏറ്റെടുത്ത കരാറുക്കാരൻ ആരാണെന്നും, കരാർ സംഖ്യയും, ചിലവായ തുകയുമുൾ പ്പെടെയുള്ള കണക്കുകൾ രേഖാമൂലം നൽകണമെന്നും എൽഡിഎഫ് കൗൺസിലർ മാരായ എംടികെ ബാബുവും, പികെ പ്രവീണും, എംപി ശ്രീജയും, കെ ദാസനുമുൾപ്പെടെ യുള്ളവർ ആവശ്യപ്പെട്ടു.
പൊതു മരാമത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി യോഗത്തിൽ സീനിയർ ഓവർസീയറെ മാനസികമായി പീഡിപ്പിച്ചതും, സൗത്ത് അണിയാരം - വലിയപറമ്പത്ത് റോഡ് എറ്റെടുത്ത കരാറുക്കാരനെ മ്ലേഛമായ ഭാഷ ഉപയോഗിച്ചു ലീഗ് കൗൺസിലർ കെ അൻസാർ അസഭ്യം പറഞ്ഞതും കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണമെന്നും ഖേദം പ്രകടിപ്പിക്കണമെന്നും കെകെ സുധീർ കുമാർ ആവശ്യപ്പെട്ടു.സ്റ്റാൻ്റിംങ് കമ്മിറ്റി അംഗമല്ലാത്ത വി നാസർ പൊതുമരാമത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് കെ ദാസൻ പറഞ്ഞു.
അഴിമതിയാരോപണം കൃത്യമായി അന്വേഷണം നടത്തണമെന്നും, ബോട്ടുജെട്ടികളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും എംപികെ അയ്യൂബ് പറഞ്ഞു. മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് പെരിങ്ങത്തൂരിൽ നിർമ്മിച്ച ബോട്ട് ജെട്ടികൾ സംരക്ഷിക്കേണ്ട ചുമതലയുള്ള വാർഡ് കൗൺസിലർ തന്നെ അവിടെ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നു എന്ന ആരോപണമുന്നയിച്ചു സ്വയം വിമർശനത്തിന് വിധേയമായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിന്ദു മേനാറത്ത് പ്രതികരിച്ചു.
സർക്കാറിൻ്റെ മാലിന്യ മുക്ത കേരളത്തിൻ്റെ ഭാഗമായി കടകളിൽ മാലിന്യ സംസ്ക്കരണ സംവിധാനമുണ്ടോ എന്നുറപ്പാക്കിയ ശേഷമേ ലൈസൻസ് അനുവദിക്കുകയും, പുതുക്കുകയും ചെയ്യുകയുള്ളൂ എന്ന നിയമം കർശനമാക്കും. ഇതിനായി നഗരസഭ പരിധിയിലെ പ്രധാന ടൗണുകളിലെ വ്യാപാരികളുടെ യോഗം വിളിച്ചു ചേർക്കും.
പാലത്തായി ഇറിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള ഭൂമിയിൽ ഹാപ്പി നെസ്സ് പാർക്ക്, ഓപ്പൺ ജിനേഷ്യം എന്നിവ സ്ഥാപിക്കുന്നതിനുള്ള അനുമതി തേടും. നഗരസഭ ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ കെപി ഹാഷിം അധ്യക്ഷനായി. സെക്രട്ടറി കെആർ മനോജ്കുമാർ, വൈസ് ചെയർമാൻ റുഖ് സാന ഇഖ്ബാൽ, കൗൺസിലർമാരായ സ്വാമിദാസൻ, ഷീബകണ്ണമ്പ്രത്ത് , വി നാസർ, എംപികെ അയ്യൂബ്, എം രത്നാകരൻ, എഎം രാജേഷ് എന്നിവർ സംസാരിച്ചു.