പെരിങ്ങത്തൂർ : പാനൂർ നഗരസഭയിലെ രണ്ടാമത്തെ വലിയ ടൗണായ പെരിങ്ങത്തൂരിൽ പൊതു ശൗചാലയം രണ്ടെണ്ണമുണ്ട്. രണ്ടും പ്രവർത്തനക്ഷമമല്ല. ഇരുന്നൂറിലധികം കടകൾ ഉള്ള ടൗണിൽ വിവിധജോലി ചെയ്യുന്നവർക്ക് മൂത്രമൊഴിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ദിനംപ്രതി നൂറുകണക്കിനാളുകൾ വ്യാപാര സംബന്ധമായ ആവശ്യങ്ങൾക്ക് ടൗണിലെത്താറുണ്ട്. പൂട്ടിക്കിടക്കുന്ന ശൗചാലയം കണ്ട് തിരിച്ചു പോവുകയല്ലാതെ മറ്റു മാർഗമില്ല. 2013-ൽ പെരിങ്ങളം പഞ്ചായത്തായിരുന്നപ്പോൾ ഉദ്ഘാടനം ചെയ്ത ഫലകവും തൊട്ടടുത്ത് പാനൂർ നഗരസഭയായപ്പോൾ ഉദ്ഘാടനം ചെയ്ത ഫലകവും ശൗചാലയത്തിന്റെ ചുമരിലുണ്ട്.
ഒരേ കെട്ടിടം തന്നെ ഒന്നിലേറെ തവണ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം നടത്തി. ഇത് ഏതാനും ദിവസങ്ങൾ മാത്രം തുറന്നു പ്രവർത്തിച്ചിരുന്നു. ശൗചാലയം സൂക്ഷിപ്പിനായി ഒരാളെയും ചുമതലപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം പൂട്ടിയിട്ടു. പിന്നീട് തുറന്നില്ല
നഗരസഭയുടെ ഫണ്ടുപയോഗിച്ച് കെട്ടിsത്തിന്റെ താഴത്തെ നിലയിൽ പഴയ മാർക്കറ്റ് റോഡിൽ സ്ത്രീ സൗഹൃദ ടോയ്‌ലറ്റും ഫീഡിങ് റൂമും നിർമിച്ചത് ഈയടുത്ത കാലത്താണ്. മത്സ്യമാർക്കറ്റിനോട് ചേർന്നാണ് ഇതുള്ളത്. ഉദ്ഘാടനം ചെയ്തതിന്റെ ഫലകവും സ്ഥാപിച്ചു. 2021-22 ലെ വാർഷികപദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ വർഷമാണ് നിർമാണം നടത്തിയത് .
മുറിക്കുള്ളിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും ലഭ്യമാണ്. ഇത് ഇതുവരെ തുറന്നുപ്രവർത്തിച്ചിട്ടില്ല. ചുറ്റും മീൻകൊട്ടകളും മാലിന്യവും കൂട്ടിയിട്ടിരിക്കുന്നു. സ്ത്രീകൾക്കായി നഗരസഭ ആവിഷ്കരിച്ച മെച്ചപ്പെട്ട പദ്ധതിയാണ് നശിക്കുന്നത്.ഇത് പ്രവർത്തനക്ഷമമാക്കാൻ എന്ത് തടസ്സമാണുള്ളത് എന്നാണ് നാട്ടുകാരുടെ ചോദ്യം.ശൗചാലയ നടത്തിപ്പിന് സ്ഥിരംസംവിധാനം ഒരുക്കാനുള്ള നടപടികളിലാണ് നഗരസഭാ അധികൃതർ.