കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തില്‍
ലക്ഷ്യം ആർഎസ്എസ് പ്രവർത്തകരെ ആയിരുന്നുവെന്ന് ഒന്നാം പ്രതി വിനീഷ് മുളിയതോട് വെളിപ്പെടുത്തി.
എന്നാല്‍ ബോംബ് ഉണ്ടാക്കിയതില്‍ മരണം വരെ കുറ്റബോധം ഇല്ലെന്നും വിനീഷ് മുളിയതോട് പറഞ്ഞു. ഈ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ബോബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായത്.
വിനീഷിന്റെ വീടിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിലായിരുന്നു ബോംബ് നിർമാണം നടന്നത്.
അതേസമയം ചെറുത്ത് നില്‍പ്പിന്റെ അവയവമായാണ് ബോംബ് കൊണ്ടു നടന്നതെന്നും ആദ്യമായല്ല ബോംബ് ഉണ്ടാക്കുന്നതെന്നും വിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായാണ് പാനൂർ കുന്നോത്തുപറമ്പ് ബോംബ് സ്ഫോടനത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട സിപിഎം പ്രവർത്തകൻ വിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രാദേശിക സിപി എം നേതൃത്വം മൗനം പാലിച്ചെന്നും,
ആർഎസ്എസ് പ്രവർത്തകരെ അവരുടെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പാനൂർ കുന്നോത്തുപറമ്പില്‍ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഷെറില്‍ എന്ന യുവാവ് മരിച്ചിരുന്നു. വിനീഷിന്റെ രണ്ട് കൈപ്പത്തികളും ചിതറിത്തെറിച്ചു. സംഭവത്തില്‍ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്ന് ഇവരെ പൂർണമായും തള്ളിപ്പറഞ്ഞു കൊണ്ടാണ് പാർട്ടി രംഗത്തെത്തിയത്. കുന്നോത്ത് പറമ്പിലെ സഖാക്കളെ ആർഎസ്എസ് തീറ്റിപോറ്റുന്ന സംഘങ്ങൾ ആക്രമിക്കുമ്പോള്‍ പ്രാദേശിക നേതൃത്വം മൗനം പാലിച്ചുവെന്നാണ് വിനീഷിന്റെ വിമർശനം. ആർഎസ്എസുകാർ പ്രതികള്‍ക്ക് വേണ്ടി കൊളവല്ലൂർ സ്റ്റേഷനുമായി ബന്ധപ്പെട്ട് അവരെ ഇറക്കിക്കൊണ്ടു പോകുമ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മൗനം അവലംബിക്കുകയാണ് ഉണ്ടായത്.
എന്നാല്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഗുരുതര വെളിപ്പെടുത്തല്‍ നടത്തുന്നത്. അതേസമയം സ്ഫോടനം നടന്ന് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു.
വർഗീയവാദികളുടെ കടന്നു കയറ്റത്തെ ചെറുക്കാൻ ആണ് ബോംബ് കൈവശം വെച്ചതെന്നും വിനീഷ് കുറിപ്പില്‍ പറയുന്നു.