പാനൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പേരിലും ഓണ്‍ലൈൻ തട്ടിപ്പിന് ശ്രമം. പദ്ധതിയില്‍ ചേരുന്നതിനെന്ന പേരില്‍ 'പിഎം കിസാൻ. (PM KISSAN.apk)' എന്ന ഫയലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെടുന്നത്.
ഇതുപയോഗിച്ച് സൈബർ തട്ടിപ്പുകാർ ഫോണിലെ വിവരം ചോർത്തുകയോ നിയന്ത്രണം സ്വന്തമാക്കുകയോ ചെയ്യും. തുടർന്ന്, ബാങ്ക് അക്കൗണ്ടുകളിലും മറ്റും കടന്നുകയറി പണം തട്ടും.
സാമൂഹികമാധ്യമങ്ങള്‍ വഴിയോ ഇ-മെയില്‍ വഴിയോ ഇത്തരം ഫയലുകള്‍ കിട്ടിയാല്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ലഭിക്കുന്ന എപികെ(.apk) ഫയലുകള്‍ പലപ്പോഴും അപകടകാരികളാണ്.
ഇതില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുമ്പോള്‍ നമ്മളറിയാതെ ചില ആപ്പുകള്‍ ഫോണില്‍ ഇൻസ്റ്റാളാകും.
ഇതുപയോഗിച്ച് സൈബർ തട്ടിപ്പുകാർ ഫോണിലെ വിവരം ചോർത്തുകയോ നിയന്ത്രണം സ്വന്തമാക്കുകയോ ചെയ്യും. തുടർന്ന്, ബാങ്ക് അക്കൗണ്ടുകളിലും മറ്റും കടന്നു കയറി പണം തട്ടും. ചാമ്പാട് അരയാക്കൂല്‍ സ്വദേശിനിയും ആരോഗ്യ പ്രവർത്തകയുമായ നിഷ തലനാരിഴക്കാണ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്. പിഎം കിസാൻ എപികെ ഫയലില്‍ ക്ലിക്ക് ചെയ്തയുടനെ നിഷയുടെ ഫോണ്‍ ഹാങ്ങാവുകയും, മറ്റ് ഗ്രൂപ്പുകളിലേക്കും, കോണ്‍ടാക്ടുകളിലേക്കും ഫയല്‍ പോകുകയുമായിരുന്നു.
പലരും വിളിച്ചു ചോദിച്ചതോടെയാണ് നിഷ സംഗതിയുടെ ഗൗരവം ഉള്‍ക്കൊള്ളുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയും, സൈബർ സെല്‍ ഉടൻ ഇടപെടുകയുമായിരുന്നു. തുടർന്ന് നേരെ ബാങ്കിലെത്തിയ നിഷ അക്കൗണ്ടിലുണ്ടായ പണം മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
അതിനാല്‍ നിഷയുടെ പണം നഷ്ടപ്പെട്ടില്ല. എന്നാല്‍ പാനൂർ, പന്ന്യന്നൂർ മേഖലകളില്‍ പലരും ഇതു കാരണം ബുദ്ധിമുട്ടിയിട്ടുണ്ട്. ഇൻസ്റ്റാള്‍ ആയ ആപ്ലിക്കേഷൻ അണ്‍ ഇൻസ്റ്റാള്‍ ചെയ്യാനായി മൊബൈല്‍ ഷോപ്പുകള്‍ കയറി ഇറങ്ങുകയാണ് പലരും.
ചെറുകിടകർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കുകയാണ് പി.എം. കിസാൻ സമ്മാൻനിധിയുടെ ലക്ഷ്യം. pmkisan.gov.in എന്ന വെബ്സൈറ്റില്‍ പോയി ഫാർമേഴ്‌സ് കോർണറിലെ ന്യൂ ഫാർമർ രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്താണ് പദ്ധതിയില്‍ ചേരേണ്ടത്. ഒരിക്കലും ഈ പദ്ധതി മറ്റൊരു ആപ്പിലും ലഭ്യമല്ല.