Zygo-Ad

പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടിയിട്ട് രണ്ട് ദിവസമായിട്ടും നടപടിയില്ല,റോഡിനും നാശം


 പാനൂരിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ പാനൂർ നാൽക്കവലയിൽ തലശ്ശേരി റോഡിൽ ശശീന്ദ്ര ജ്വല്ലറിക്ക് മുന്നിലാണ് പൈപ്പ് പൊട്ടിയത്. ഇതു സംബന്ധിച്ച് ജനപ്രതിനിധികൾ ഉൾപ്പടെ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

ശനിയാഴ്ച രാവിലെയും വെള്ളമൊഴുകി റോഡിൽ വാഹനഗതാഗതം അവതാളത്തിലാവുന്ന സ്ഥിതിയുണ്ടായി. ഒരു മാസം മുമ്പ് നാൽക്കവലയിൽ പൂക്കോം റോഡിൽ പൈപ്പ് പൊട്ടുകയും റോഡ് തകരുകയും ചെയ്തിരുന്നു.

റോഡിൽ കുഴിയെടുത്ത് പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചെങ്കിലും റോഡിലെ കുഴിയടച്ചിരുന്നില്ല. തുടർന്ന് ഓണക്കാലത്തടക്കം നഗരത്തിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു. റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ വാട്ടർ അതോറിറ്റി വൈകിച്ചതോടെ പഴി പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനായിരുന്നു. ശുദ്ധജലം പാഴാവുക മാത്രമല്ല റോഡ് തകരുകയും ചെയ്യുമെന്നിരിക്കേ വാട്ടർ അതോറിറ്റിയുടെ നിസ്സംഗത പരക്കേ പ്രതിഷേധമുയർത്തുന്നുണ്ട്.

വെള്ളിയാഴ്ച തന്നെ പൈപ്പിലെ തകരാർ പരിഹരിക്കാൻ സാധിക്കുമെന്നിരിക്കേ രണ്ടു ദിവസത്തെ അവധി ആസ്വദിക്കാനാവില്ലെന്ന ബോധത്താൽ പ്രവൃത്തി നടത്താതിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

പാനൂർ - കൂത്തുപറമ്പ് റോഡിൽ മൊകേരി രാജീവ് ഗാന്ധി സ്കൂളിന് മുൻപിലെ റോഡിലും ഒരാഴ്ചയിലധികമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നുണ്ട്.

ഭൂമിക്കടിയിൽ പൈപ്പ് പൊട്ടി തകർന്നയുടൻ മാറ്റിയില്ലെങ്കിൽ പൈപ്പിലേക്ക് മാലിന്യങ്ങൾ ഇറങ്ങി വെള്ളം അശുദ്ധമാകുന്ന സ്ഥിതിയും സംജാതമാകും.

പന്ന്യന്നൂർ - തലശേരി ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. 35 വർഷത്തോളം പഴക്കമുള്ള പൈപ്പ് ആണിത്. പൈപ്പ് പൊട്ടിയത് ടൗൺ ജംഗ്ഷനിലായത് കൊണ്ടുതന്നെ റോഡടക്കാതെ പ്രവൃത്തി സാധ്യമല്ലെന്ന പ്രശ്‌നമാണ് വാട്ടർ അതോറിറ്റി ഉയർത്തുന്നത്

വളരെ പുതിയ വളരെ പഴയ