പാനൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരിക്കോടുമല അംബേദ്കർ പ്രകൃതി കേന്ദ്രത്തിൽ നിന്നും മറ്റൊരു പട്ടികവർഗ്ഗ പ്രകൃതി കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമായി ബന്ധപ്പെടുന്ന കണ്ടി വാതുക്കൽ - കല്ലുനിര റോഡിന്റെ മൂന്ന് കിലോമീറ്റർ വരുന്ന ഭാഗം ഇതുവരെ ടാർ ചെയ്യാത്തതിനാൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പട്ടികവർഗ്ഗ മേഖലകൾ ഒറ്റപ്പെട്ടു കിടക്കുകയാണ്.പ്രസ്തുത റോഡ് ടാർ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സുധ വാസു വടകര എംപി ഷാഫി പറമ്പിലിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട പട്ടികവർഗ്ഗ മേഖലയായ നരിക്കോട് മല അംബേദ്കർ പ്രകൃതി കേന്ദ്ര പ്രദേശത്ത് 80 പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിച്ചു വരുന്നു.പ്രദേശത്ത് വാഹനയാത്ര സൗകര്യം കുറവാണ്.ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും പോകാൻ പത്ത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടതായി വരുന്നു.ആയതിനാൽ അടിയന്തരമായി നരിക്കോട് മല പ്രദേശത്തേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും സുധാവാസു ആവശ്യപ്പെട്ടു.