Zygo-Ad

പാനൂർ വാഴമല പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിൽ..


പാനൂര്‍: സമുദ്രനിരപ്പില്‍ നിന്ന് 2600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന വാഴമല പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. പാനൂരിലെ പാനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയതാണ് ഈ മലനിരകള്‍. മലനിരകളിലെ 2000 ഏക്കര്‍ ഭൂമി പോത്തന്‍ ജോസഫ് എന്ന വ്യക്തി വിലയ്‌ക്ക് വാങ്ങുകയും തുടര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റപ്പെടുകയും ചെയ്തു. ആദിവാസികളുടെ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം ലഭിച്ചതോടെയാണ് ക്വാറികള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

70 ല്‍ അധികം ക്വാറികളാണ് തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമല മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വാഴമല റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കരിങ്കല്ലുമായി നിരവധി ടോറസ് വാഹനങ്ങള്‍ ഓടുന്നതിനാല്‍ വാഴമല റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പ്രദേശത്ത് ഏഴ് ക്വാറികള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളൂ. ബാക്കി മുഴുവന്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്.

പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബാംഗങ്ങളാണ് വാഴമല കോളനികളില്‍ താമസിച്ചുവരുന്നത്. ശക്തമായ മഴ പെയ്യുന്നതിനാല്‍ കോളനി നിവാസികളെ സാംസ്‌കാരികകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സാംസ്‌കാരിക കേന്ദ്രവും സുരക്ഷിതമല്ല. കോളനി നിവാസികളെ മലയ്‌ക്ക് താഴെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ആവശ്യം.നരിക്കോട് മലയിലെ ക്രഷറിന് സമീപമുള്ള പാലം ടോറസ് വാഹനങ്ങൾ കടന്നുപോകുന്നതിനാൽ അപകടാവസ്ഥയിലായി ഏത് സമയത്തും തകരുമെന്ന നിലയിലാണുള്ളത്. പാലം തകർന്നാൽ പ്രദേശവാസികൾക്ക് പൊയിലൂരിൽ എത്താനുള്ള മാർഗം മുത്തപ്പൻ മടപ്പരയിലേക്കുള്ള റോഡാണ്. പ്രസ്തു‌ത റോഡും തകർന്നുകിടക്കുകയാണ്.

ഏഴ് മലകളുടെ സംഗമഭൂമിയാണ് വാഴമല പ്രദേശം. പാത്തിക്കൽ മല, കുട്ടി കൊളുത്തായി, കൊളുത്തായ് മല, പന്നിയങ്കാവ്, നരിക്കോട് മല, വാഴമല എന്നിവ ചേർന്നതാണ് വാഴമല പ്രദേശം. പൊയിലൂരിൽ നിന്നും ചെറുവാഞ്ചേരിയിൽ നിന്നും വാഴമലയിലേക്കെത്താം. ചെറുപറമ്പിൽ നിന്നും പാത്തിക്കൽ വഴി വാഴമലയിലേക്ക് പോകാം. വാഴമലയിലെ വെള്ളച്ചാട്ടം, വിമാനപ്പാറ എന്നിവ ആകർഷകങ്ങളാണ്. ഒറ്റക്കല്ലിൽ വിമാനം ലാൻഡ് ചെയ്‌തത്‌ പോലെയുള്ളതാണ് വിമാനപാറ. കോടമഞ്ഞും തണുത്ത കാറ്റും വാഴമലയുടെ പ്രത്യേകതയാണ്. പുനലൂരിൽ നിന്ന് 12 കിലോമീറ്ററും ചെറുവാഞ്ചേരിയിൽ നിന്ന് 15 കിലോമീറ്ററും കോളയാട് നിന്ന് 8 കിലോമീറ്ററും ദൂരമുണ്ട് വാഴമലയിലേക്ക്.

മുണ്ടക്കൈ ദുരന്തത്തിനുശേഷം പ്രദേശവാസികൾ ആശങ്കയിലാണുള്ളത്. അധികാരികൾ കണ്ണ് തുറക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ അടച്ചുപൂട്ടണം. ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശമാണിത്. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് പ്രദേശത്ത് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ചാണ് മാഫിയകൾ ക്വാറികൾ പ്രവർത്തിപ്പിക്കുന്നത്. ക്വാറി പ്രവർത്തനം നിർത്തലാക്കിയില്ലെങ്കിൽ പൊയിലൂർ പ്രദേശം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നുള്ള ആശങ്കയിലാണ് പ്രദേശവാസികൾ. വാഴമലയിൽ മുണ്ടക്കയം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്തംഗം സുധാവാസു ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ