Zygo-Ad

കിടഞ്ഞി-തുരുത്തി മുക്ക് പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീളുന്നു.

പെരിങ്ങത്തൂർ : മയ്യഴിപ്പുഴയ്ക്ക് കുറുകെയുള്ള കിടഞ്ഞി-തുരുത്തി മുക്ക് പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീളുന്നു. 2019 ഒക്ടോബറിൽ സാങ്കേതികാനുമതി ലഭിച്ച പാലത്തിന്റെ പ്രാരംഭ പണി തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. 204 മീറ്റർ നീളവും 11.05 മീറ്റർ വീതിയും 11 തൂണുകളുമുള്ള പാലത്തിനായിരുന്നു ഭരണാനുമതി. പുഴയിൽ തൂണുകളുടെ നിർമാണം തുടങ്ങിവെച്ച നിലയിലാണിപ്പോഴും. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരനാണ് പാലത്തിന് തറക്കല്ലിട്ടത്. രണ്ടുവർഷം കൊണ്ട് പാലം പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ഭൂമി വിട്ടുകിട്ടുന്നതിലുള്ള താമസം, നിർമാണ സാമഗ്രികളുടെ വില വ്യത്യാസം എന്നിവ കാരണം നിർമാണം നീണ്ടു. എടച്ചേരി തുരുത്തി ഭാഗത്ത് എത്തിച്ച നിർമാണ സാമഗ്രികളും ഉപകരണങ്ങളും പിന്നീട് തിരിച്ചു കൊണ്ടുപോയി. തുടർന്ന് എം.എൽ.എ.മാരായ കെ.പി. മോഹനൻ, ഇ.കെ. വിജയൻ എന്നിവർ ഇsപെട്ട് മന്ത്രി കെ.എം. മുഹമ്മദ് റിയാസുമായി ചർച്ച നടത്തി. കഴിഞ്ഞ വർഷം ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു. തുടർന്ന് റീ ടെൻഡർ വിളിക്കാമെന്ന് ധാരണയായെങ്കിലും തുടർനടപടി വീണ്ടും അനിശ്ചിതത്വത്തിലായി.

പ്രശ്നം നിയമസഭയിൽ :കഴിഞ്ഞ മാസം കെ.പി. മോഹനൻ എം.എൽ. എ പാലം നിർമാണത്തിലെ അനിശ്ചിതത്വം നിയമസഭയിൽ അവതരിപ്പിച്ചു. പുതുക്കിയ അടങ്കൽ പരിശോധിച്ച് സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്തു പ്രവൃത്തി പുനരാംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ നൽകിയ വിശദീകരണം.

കടത്തുതോണിയില്ലെങ്കിൽ:അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് കിടഞ്ഞിയിലെ കടത്തുതോണിയാത്രക്ക്. തുരുത്തിമുക്കിലേക്കും ഏറാമലയിലേക്കുമായിരുന്നു കടത്ത്. പരമ്പരാഗതമായി ഏറാമലയിലെ പടിക്കൽ കുടുംബത്തിലെ അംഗങ്ങളാണ് കടത്തുതോണിയിറക്കുന്നത്. ആദ്യകാലത്ത് പടിക്കൽ കുമാരനും പടിക്കൽ ചന്ദ്രനും ചേർന്ന് ഏറാമല പഞ്ചായത്തിൽനിന്ന് ഒരു വർഷത്തേക്ക് ലേലത്തിലെടുത്തായിരുന്നു കടവിന്റെ നടത്തിപ്പ്. ഇടക്കാലത്ത് കണ്ടൽപ്പാട്ടിൽ കുടുംബവും കടത്തുതോണി ഒരുക്കിയിരുന്നു.

വളരെ പുതിയ വളരെ പഴയ